ജാർഖണ്ഡ്:ഭാര്യയയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം കുറ്റകൃത്യം മറയ്ക്കാൻ നായയെയും കൊന്ന് അതേ കുഴിയിൽ അടക്കം ചെയ്ത സംഭവത്തിൽ ഭർത്താവും കാമുകിയും ഒളിവിൽ. ജാർഖണ്ഡ് പാലാമു ജില്ലയിലെ കൌഡിയ ഭുഖ്‌ല ഗ്രാമവാസിയായ രഞ്ജിത് മെഹ്തയാണ് കാമുകിയുടെ സഹായത്തോടെ ഭാര്യ പൂജ (25)യെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.ഡിസംബർ 26-നാണ് പാണ്ഡു പൊലീസ് സ്റ്റേഷൻ പരിധിയിലെ തീസിബർ ദരുവ സ്വദേശിനിയായ പൂജയെ കാണാതായത്. ഒരാഴ്ച പിന്നിട്ടിട്ടും യുവതിയെ കണ്ടെത്താനാകാതിരുന്നതോടെ നാട്ടുകാർക്ക് സംശയം തോന്നി പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
കാമുകിയുടെ സ്വദേശഗ്രാമമായ തുക്ബേരയിലെ തരിശുഭൂമിയിൽ, മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജെസിബി ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ അഞ്ച് അടി താഴ്ചയുള്ള കുഴിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം ഒരു നായയുടെ ജഡവും, അതിന് താഴെയായി പൂജയുടെ മൃതദേഹവുമാണ് പൊലീസ് കണ്ടെത്തിയത്.കൊലപാതകം നടന്ന ദിവസം തന്നെ യുവതിയെ കുഴിച്ചുമൂടിയെന്നും, നാല് ദിവസങ്ങൾക്ക് ശേഷം മൃതദേഹം അഴുകുന്നതിന്റെ ദുർഗന്ധം മറയ്ക്കാൻ നായയെ കൊന്ന് അതേ കുഴിയിൽ അടക്കം ചെയ്തെന്നുമാണ് പൊലീസിന്റെ നിഗമനം. ദുർഗന്ധം വമിക്കുമ്പോൾ ആളുകൾ ചത്ത നായയുടേതാണെന്ന് കരുതുമെന്നായിരുന്നു പ്രതിയുടെ കണക്കുകൂട്ടൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഴുവർഷം മുൻപായിരുന്നു രഞ്ജിത് മെഹ്തയും പൂജയും തമ്മിലുള്ള വിവാഹം. തുടക്കത്തിൽ ആരും സംഭവത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നില്ലെന്ന് ബിസ്രാംപൂർ പൊലീസ് ഇൻചാർജ് ഋഷികേശ് ദുബെ മാധ്യമങ്ങളോട് പറഞ്ഞു.സംഭവത്തിൽ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം രഞ്ജിത് മെഹ്ത, ഇയാളുടെ കാമുകി, രഞ്ജിത്തിന്റെ പിതാവ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലുള്ള രഞ്ജിതിനെയും കാമുകിയെയും കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയതായി അറിയിച്ചു.


