പത്തനംതിട്ട: ക്ലിഫ്‌ഹൗസിലേക്ക് സമാധാനപരമായി മാർച്ചുമായി നീങ്ങിയ ആശാ പ്രവർത്തകരെ പോലീസ് ക്രൂരമായി അടിച്ചമർത്തിയത് രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചു.സമരം അടിച്ചൊതുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇങ്ങനെയൊരു പ്രകടനം അരങ്ങേറിയതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാനും ആശാ സമരസഹായ സമിതി ജില്ലാ ചെയർമാനുമായ ജോസഫ് എം. പുതുശ്ശേരി.മാസങ്ങൾക്കുമുമ്പ് ആനുകൂല്യ വർധനയ്‌ക്കായി നിയമിച്ച കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെയും സമരത്തെ ‘ആളില്ലാ സമരം’ എന്ന് പരിഹസിച്ച് അവഗണിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്.മുഖ്യമന്ത്രിയുടെ പിടിവാശിയും അസഹിഷ്ണുതയുമാണ് ഇതിനെല്ലാം കാരണമെന്ന് പുതുശ്ശേരി ആരോപിച്ചു.
സമരത്തിനെ അടിച്ചമർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കിടയിലും സമൂഹത്തിന്റെ എല്ലാ തലങ്ങളിലെയും ജനപിന്തുണ ലഭിച്ച് ആശാ സമരം കൂടുതൽ ശക്തിപ്പെടുന്നുവെന്നും, ഒടുവിൽ ആവശ്യങ്ങൾ അംഗീകരിച്ച് ഈ സമരത്തിന് മുന്നിൽ മുഖ്യമന്ത്രി മുട്ടുമടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ക്ലിഫ് ഹൗസ് മാർച്ചിനിടെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച ആശാ സമര സഹായ സമിതി ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കൺവീനർ കെ. ജാസിംകുട്ടി അധ്യക്ഷത വഹിച്ചു. ലക്ഷ്മി ആർ. ശേഖർ, എസ്. ശ്രീജ, എസ്. ഫാത്തിമ, അഡ്വ. ബാബു വർഗീസ്, അബ്ദുൽ കലാം ആസാദ്, അജിത് മണ്ണിൽ, കെ. എസ്. ഗോപി, നാസർ തോണ്ടമണ്ണിൽ, ഏബൽ മാത്യു, ബിനു ബേബി, എസ്. അബ്സൽ, പി. പ്രവിത, സജിനി മോഹൻ, ടി. എം. മാത്യു എന്നിവർ പ്രസംഗിച്ചു.


