ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക്;ഇന്ന് മുതൽ ദിവസം 75,000 പേർക്ക് മാത്രം ദർശനാനുമതി

പമ്പ :ശബരിമലയിൽ ഇന്ന് വീണ്ടും വൻ ഭക്തജനത്തിരക്ക്. ദർശനത്തിനായി ഭക്തർക്ക് ശരാശരി 12 മണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു. മിനിറ്റിൽ ഏകദേശം 65 പേർ വീതമാണ് പതിനെട്ടാംപടി കയറുന്നത്. ഇപ്പോഴുള്ള തിരക്ക് നിയന്ത്രണ വ്യവസ്ഥകൾ പ്രകാരം, ഇന്ന് മുതൽ പ്രതിദിനം 75,000 പേർക്ക് മാത്രമേ ദർശനത്തിന് അനുമതി ലഭിക്കുകയുള്ളൂ.ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സ്പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ 5,000 പേർക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്.

Advertisements

അതോടൊപ്പം വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കുമെന്നും കോടതി വ്യക്തമാക്കി. ഇന്നലെ മാത്രം 80,615 പേർ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് റിപ്പോർട്ട് നൽകി. നീണ്ടുനിൽക്കുന്ന ക്യൂകളെയും കുടിവെള്ള വിതരണം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളിലെ പാളിച്ചകളെയും കുറിച്ച് ഭക്തർക്ക് പരാതിയുമുണ്ട്.ശബരിമലയിൽ ഭക്തരുടെ എണ്ണം ദിനംപ്രതി 75,000 ആയി ക്രമപ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. തയ്യാറെടുപ്പുകൾ ആറു മാസം മുൻപെങ്കിലും ആരംഭിക്കേണ്ടതായിരുന്നു എന്നും എങ്ങനെ ഏകോപനം വീണുപോയി എന്നും കോടതി ചോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരക്ക് നിയന്ത്രണത്തിൽ പൊലീസ് മാത്രമല്ല, ശാസ്ത്രീയമായി കണക്കാക്കുന്ന സംവിധാനവും വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.സന്നിധാനത്തിലുള്ള തിരക്ക് പരിഗണിച്ച്, പതിനെട്ടാംപടിയിൽ പരിചയസമ്പന്നരായ പൊലീസുകാരെ വിന്യസിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായാൽ കേന്ദ്രസേനയെ എത്തിക്കണമെന്നും കളക്ടറോട് കോടതി പറഞ്ഞു. ശുചിമുറികളും കുടിവെള്ള സംവിധാനവും മെച്ചപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി.നിലയ്ക്കൽ മുതൽ സന്നിധാനം വരെ പ്രദേശത്തെ അഞ്ചോ ആറോ സെക്ടറുകളായി വിഭജിച്ച് ഓരോ സെക്ടറുടെയും പരമാവധി ശേഷി കണക്കാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

സെക്ടറുകളുടെ വിസ്തൃതിനുസരിച്ച് ഭക്തരുടെ എണ്ണം നിശ്ചയിക്കാനുള്ള ശാസ്ത്രീയ സംവിധാനമുണ്ടാക്കുകയും വേണം. കുട്ടികളും പ്രായമായവരും മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിൽക്കുന്ന അവസ്ഥ തിരുത്തണമെന്നും കോടതി പറഞ്ഞു.ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള ഹർജിയിലാണ് ജസ്റ്റിസ് എ.രാജ വിജയരാഘവനും കെ.വി. ജയകുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

Hot Topics

Related Articles