വയനാട് :വയനാട് അട്ടമല സ്വദേശിനിയും എട്ട് മാസം ഗർഭിണിയുമായ ആദിവാസി യുവതി ലക്ഷ്മിയെ കാണാതായതിനെ തുടർന്ന് വനംവകുപ്പും പൊലീസും തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം വനത്തിലേക്ക് ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാൻ പോയ ലക്ഷ്മി വീട്ടിലേയ്ക്ക് മടങ്ങിയെത്താതിരുന്നതോടെയാണ് ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചത്.ഏറാട്ട് കുണ്ട എന്ന വനമേഖലയിൽ താമസിക്കുന്ന അഞ്ച് ആദിവാസി കുടുംബങ്ങളിൽ ഒരംഗമാണ് ലക്ഷ്മി. ചൂരൽമലയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ഈ പ്രദേശത്ത് സ്വദേശികൾ പതിവായി ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും വനത്തിൽ പോകാറുണ്ട്.
എന്നാൽ, കഴിഞ്ഞ ദിവസവും പതിവുപോലെ പോയ ലക്ഷ്മി രാത്രിയോളം വീട്ടിലെത്താതിരുന്നതോടെ ഇന്ന് രാവിലെ ബന്ധുക്കൾ അധികൃതരെ വിവരം അറിയിച്ചു.സമീപത്തുള്ള നിലമ്പൂർ വനമേഖലയിലൂടെയാണ് പ്രധാനമായും തിരച്ചിൽ നടക്കുന്നത്. ഇടുക്കങ്ങൾ, പുഴയുടെ തീരങ്ങൾ, വനത്തിന്റെ അടിത്തട്ടുകൾ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ ഉപയോഗിച്ചും പ്രത്യേക സംഘങ്ങളും ചേർന്ന് തിരച്ചിൽ തുടരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമീപത്തുള്ള ചാലിയാർ പുഴയുടെ തീരങ്ങളിലേക്കോ അതിനപ്പുറത്തേക്കോ പോയിട്ടുണ്ടോ എന്നതിൽ പൊലീസ് പ്രത്യേക ശ്രദ്ധ പുലർത്തുന്നു.രണ്ട് മാസം മുൻപ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ സന്നദ്ധസംഘടനയുടെ സഹായത്തോടെ ലക്ഷ്മിക്ക് സ്കാനിംഗ് ഉൾപ്പെടെയുള്ള ഗർഭപരിശോധനകൾ നടത്തിയിരുന്നു. പ്രത്യേക പരിചരണം ആവശ്യമായ സമയത്താണ് യുവതി കാണാതായത് എന്നത് ആശങ്ക വർധിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു.വനംവകുപ്പും പൊലീസും ചേർന്നുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.


