തിരുവനന്തപുരം:ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിൽ കുടുങ്ങിയ ഗൈഡ് വയർ നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. കാട്ടാക്കട കിള്ളി സ്വദേശി എസ്. സുമയ്യ (26)യുടെ നെഞ്ചിനുള്ളിൽ കുടുങ്ങിയ 70 സെൻ്റീമീറ്റർ നീളമുള്ള ഗൈഡ് വയർ നീക്കം ചെയ്യാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് നടത്തിയ കീഹോൾ ശസ്ത്രക്രിയ രണ്ട് തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ട്യൂബിന്റെ രണ്ടറ്റവും ധമനികളിൽ ഒട്ടിച്ചേർന്നതിനാൽ ശസ്ത്രക്രിയ തുടരാൻ സാധിച്ചില്ലെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. മേജർ ശസ്ത്രക്രിയയിലൂടെ മാത്രമേ വയർ നീക്കം ചെയ്യാനാകൂവെന്നും അതിനുള്ള താൽപര്യമില്ലെന്ന നിലപാടാണ് കുടുംബം സ്വീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടര വർഷമായി സുമയ്യയുടെ നെഞ്ചിനുള്ളിൽ ഗൈഡ് വയർ കുടുങ്ങിക്കിടക്കുകയാണ്. 2023 മാർച്ച് 22ന് ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് നീക്കംചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ തീവ്രപരിചരണ വിഭാഗത്തിൽ കാൽസ്യം നൽകാനായി ഗൈഡ് വയർ സ്ഥാപിച്ചെങ്കിലും തുടർന്നു അത് പുറത്തെടുക്കാൻ മറന്നുപോയെന്നാണ് കണ്ടെത്തൽ.
ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 2ന് എക്സറേ എടുത്തപ്പോൾ മാത്രമാണ് വയർ ഇപ്പോഴും ശരീരത്തിൽ നിലനിൽക്കുന്നുവെന്ന് വെളിപ്പെട്ടത്.


