കോട്ടയം: റബ്ബർ ബോർഡിനെ നോക്കുകുത്തിയാക്കി ടയർ കമ്പനികൾ സ്വന്തം ഇഷ്ടപ്രകാരം വില നിശ്ചയിക്കുന്നതിനെതിരെ കർഷക സംഘടനകൾ ശക്തമായ വിമർശനവുമായി രംഗത്ത്. റബ്ബർ വിപണിയിൽ നിലനിൽക്കുന്ന പ്രതിസന്ധിക്ക് ടയർ കമ്പനികളുടെയും റബ്ബർ ബോർഡിലെ ചില ഉന്നതരുടെയും കൂട്ടുകെട്ടാണ് കാരണമെന്നും കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എ.ബി. ഐപ്പ് ആരോപിച്ചു.മുന്‍പ് റബ്ബർ ഷീറ്റ് കച്ചവടത്തിന് ആധാരമായിരുന്നത് റബ്ബർ ബോർഡ് പ്രസിദ്ധീകരിക്കുന്ന ദിവസവിലയായിരുന്നു. എന്നാൽ, കഴിഞ്ഞ മാസങ്ങളായി ബോർഡ് പ്രസിദ്ധീകരിക്കുന്ന വിലയെ പൂർണമായും അവഗണിച്ച് ടയർ കമ്പനികൾ വിപണിയിൽ നിന്ന് അതിൽക്കുറഞ്ഞ നിരക്കിലാണ് ഷീറ്റ് സംഭരിക്കുന്നത്. ഇതിന്റെ ഫലമായി കേരളത്തിലെ റബ്ബർ കർഷകരും വ്യാപാരികളും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
റബ്ബർ ബോർഡ് പ്രസിദ്ധീകരിക്കുന്ന വിലയുടെയും വിപണിയിൽ ടയർ കമ്പനികൾ നൽകുന്ന വിലയുടെയും ഇടയിൽ കിലോയിൽ പത്തുരൂപ വരെ വ്യത്യാസം നിലവിലുണ്ടെന്ന് ഐപ്പ് ആരോപിച്ചു. “റബ്ബർ ബോർഡിലെ ചില ഉന്നതർ കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനി ഡീലർമാരുമായി ചേർന്ന് ഈ വിലകുറവ് ഗൂഢാലോചനയായി നടപ്പാക്കുകയാണ്. ഇതിലൂടെ കർഷകരെയാണ് ഇരയാക്കുന്നത്,” അദ്ദേഹം ആരോപിച്ചു.മുന്‍കാലങ്ങളില്‍ ടയർ, ഇതര റബ്ബർ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന നോർത്ത് ഇന്ത്യൻ കമ്പനികൾ ഉൾപ്പെടെ കേരളത്തിലെ വിപണിയിൽ നിന്ന് ഷീറ്റ് വാങ്ങിയിരുന്നതിനെ തുടർന്ന് മൽസരാധിഷ്ഠിതമായ വിലയായിരുന്നു നിലനിന്നിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, നോർത്ത് ഈസ്റ്റിൽ റബ്ബർ ഷീറ്റ് വിപണി വളർന്നതോടെ ആ മേഖലകളിലേക്കാണ് കമ്പനികൾ മാറിയത്. ഇപ്പോൾ കേരളത്തിലെ ഷീറ്റ് വിപണി ചില പ്രധാന ടയർ കമ്പനികളുടെ പൂർണ നിയന്ത്രണത്തിലായതോടെയാണ് വിലനിർണ്ണയം അവരുടേതായി മാറിയതെന്നും കർഷക സംഘടനകൾ ആരോപിക്കുന്നു.“വില നിർണ്ണയത്തിൽ ആരെയും വകവെയ്ക്കാതെ കമ്പനിയ്ക്ക് അനുകൂലമായി തീരുമാനങ്ങൾ എടുക്കുകയാണ് നടക്കുന്നത്. ഇതിന്റെ മുഴുവൻ നഷ്ടവും കർഷകരാണ് വഹിക്കുന്നത്,” എ.ബി. ഐപ്പ് കൂട്ടിച്ചേർത്തു.


