ആലപ്പുഴ: മാസത്തിൽ പലതവണ എറണാകുളത്തേക്ക് പോയി ലഹരിവസ്തുക്കൾ വാങ്ങി നാട്ടിലെത്തിച്ച് വിറ്റ് ആഡംബര ജീവിതം നയിച്ച അമ്മയും മകനും പൊലീസിന്റെ വലയിലായി.അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സത്യമോൾ (46), മകൻ സൗരവ് ജിത്ത് (18) എന്നിവരാണ് പറവൂരിലെ ഹോട്ടലിന് മുന്നിൽ 3 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.അമ്മയും മകനും ഒരുമിച്ചാണ് മാസങ്ങളായി എറണാകുളം ഭാഗത്ത് പോയി മയക്കുമരുന്ന് വാങ്ങുന്നത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് മാസങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.വളർത്തു പട്ടികളും സി.സി.ടി.വി. സംവിധാനവും ഉണ്ടായിരുന്നതിനാൽ പൊലീസിന്റെ നീക്കങ്ങൾ പലപ്പോഴും ഇവർക്ക് മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.ഗ്രാമിന് 1000 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ 4000 മുതൽ 5000 രൂപ വരെ വിലയ്ക്ക് വിറ്റ് വൻ ലാഭം കണ്ടെത്തുകയായിരുന്നു ഇവർ.സത്യമോൾ കരുനാഗപ്പള്ളി ഫാമിലി കോടതിയിൽ വക്കീലായി ജോലി ചെയ്തുവരികയായിരുന്നു. കാറിൽ വക്കീലിന്റെ എംബ്ലം പതിപ്പിച്ച് പോലീസ് പരിശോധനയിൽ നിന്ന് പലതവണ രക്ഷപ്പെടുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐ.പി.എസ്.ക്ക് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനമാക്കിയായിരുന്നു നടപടി.നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ്, അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷ്, പുന്നപ്ര എസ്.ഐ. അരുണ് എസ്, സീനിയർ സി.പി.ഒ.മാരായ രാജേഷ് കുമാർ, അഭിലാഷ്, സി.പി.ഒ.മാരായ മുഹമ്മദ് സാഹിൽ, കാർത്തിക എന്നിവർ ചേർന്ന സംഘമാണ് അറസ്റ്റ് നടത്തിയത്.പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.5 ഗ്രാം എംഡിഎംഎ, 40 ഗ്രാം കഞ്ചാവ്, 2 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, ഒസിബി പേപ്പറുകൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവയും പിടിച്ചെടുത്തു.വീട്ടിൽ കഞ്ചാവ് വലിക്കാനുള്ള പ്രത്യേക ഇടവും ഒരുക്കിയിരുന്നു.പുറത്ത് നിന്നുള്ള യുവാക്കളും കുട്ടികളും രാത്രി സമയങ്ങളിൽ ഇവിടം സന്ദർശിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.


