കോഴിക്കൂടിനരികിൽ കുഴിച്ചിട്ടത് ഒന്നരക്കോടിയുടെ സ്വർണം; അതിഥി തൊഴിലാളി പിടിയിൽ

തൃശൂർ: കുറ്റൂരിലെ നൈതലക്കാവിൽ പ്രവാസി വ്യവസായിയായ കെ.വി. മോഹനന്റെ വീട്ടിൽ നിന്നുള്ള ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും രത്നാഭരണങ്ങളും കണ്ടെത്തി. ആഭരണങ്ങൾ മോഷ്ടിച്ചത് വീട്ടുജോലിക്കാരനായ അതിഥി തൊഴിലാളി തന്നെയാണെന്ന് പൊലീസ് വെളിപ്പെടുത്തി.കിടപ്പുമുറിയിലെ ലോക്കറിലായിരുന്നു ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. ലോക്കർ തുറന്നത് ഗ്യാസ് കട്ടർ ഉപയോഗിച്ചല്ല, താക്കോൽ ഉപയോഗിച്ചാണ്. വീട്ടുകാർ ക്ഷേത്രദർശനത്തിനായി രണ്ടുദിവസത്തേക്ക് വീടു വിട്ടുപോയ സമയത്താണ് ആഭരണങ്ങൾ കാണാതായത്. കുടുംബാംഗങ്ങൾ മടങ്ങിയെത്തിയപ്പോൾ സംഭവമറിഞ്ഞ് ഉടൻ വിയ്യൂർ പൊലീസിൽ വിവരം അറിയിച്ചു.

Advertisements

പുറത്തുനിന്നുള്ള മോഷണമല്ലെന്ന് വ്യക്തമായതോടെ അന്വേഷണത്തിന് വഴിത്തിരിവ് ലഭിച്ചു. പൊലീസിന്റെ സംശയം വീട്ടുജോലിക്കാരനായ കൊൽക്കത്ത സ്വദേശി കച് ഷേക്ക് (27) നേരെയായി. കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടും ഇയാൾ സമ്മതിച്ചില്ല. ലോക്കറിൽ നിന്നുള്ള വിരലടയാളം അടക്കമുള്ള തെളിവുകൾ മുൻനിർത്തിയപ്പോഴും കുറ്റം നിഷേധിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവസാനം പൊലീസിന്റെ തന്ത്രപരമായ ചോദ്യം ചെയ്യലിന് വഴങ്ങിയാണ് ഇയാൾ സത്യം തുറന്നുപറഞ്ഞത്. ലോക്കറിന്റെ രണ്ട് താക്കോലുകളും വീട്ടിൽ സൂക്ഷിച്ചിരുന്ന ഇടങ്ങളിൽനിന്ന് കണ്ടെത്തി ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം പൊതിഞ്ഞ് കവറിൽ വെച്ച് കോഴിക്കൂടിനരികിൽ കുഴിച്ചിട്ടെന്നായിരുന്നു വെളിപ്പെടുത്തൽ.

നാട്ടിലേക്ക് മടങ്ങുമ്പോൾ കൈക്കലാക്കാനായിരുന്നു ഇയാളുടെ പദ്ധതി.പൊലീസിന്റെ ഇടപെടലിൽ ആഭരണങ്ങൾ മുഴുവനും തിരികെ കിട്ടി. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഒല്ലൂർ എ.സി.പി. എസ്.പി. സുധീരൻ, വിയ്യൂർ ഇൻസ്പെക്ടർ കെ.പി. മിഥുൻ, എ.എസ്.ഐ. എ.വി. സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയും ആഭരണങ്ങൾ വീണ്ടെടുക്കുകയും ചെയ്തത്.

Hot Topics

Related Articles