ഹെൽത്ത് ഡെസ്ക്:പൊതു ശുചിമുറികളിൽ കൈ ഉണക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്ന ഹാൻഡ് ഡ്രയറുകൾ ആരോഗ്യപരമായി സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി വിവിധ പഠനങ്ങൾ.പേപ്പർ ടവലുകളെ അപേക്ഷിച്ച് പരിസ്ഥിതി സൗഹൃദവും വൃത്തിയുള്ളതുമായ മാർഗമെന്ന നിലയിലാണ് ഹാൻഡ് ഡ്രയറുകൾ പൊതുവെ കണക്കാക്കപ്പെടുന്നത്.എന്നാൽ, സത്യാവസ്ഥ അത്ര ആശ്വാസകരമല്ലെന്നാണ് ശാസ്ത്രീയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.ഹാൻഡ് ഡ്രയറുകൾ ശുദ്ധമോ ഫിൽറ്റർ ചെയ്തതുമായ വായു ഉപയോഗിക്കുന്നില്ല. പകരം, സൂക്ഷ്മ കണികകൾ, ബാക്ടീരിയകൾ, മലമൂത്ര വിസർജ്ജനത്തിന്റെ അംശങ്ങൾ എന്നിവ നിറഞ്ഞിരിക്കുന്ന അതേ ശുചിമുറി അന്തരീക്ഷത്തിൽ നിന്നാണ് വായു വലിച്ചെടുക്കുന്നത്. പിന്നീട് അതിവേഗത്തിൽ അതേ വായു കൈകളിലേക്കും ചുറ്റുപാടുകളിലേക്കും പുറന്തള്ളുകയാണ് ചെയ്യുന്നത്.
ശുചിമുറികളിൽ ടോയ്ലറ്റ് ഓരോ തവണ ഫ്ലഷ് ചെയ്യുമ്പോഴും സൂക്ഷ്മ കണികകൾ വായുവിലേക്ക് ഉയരുന്ന പ്രതിഭാസമാണ് “ടോയ്ലറ്റ് പ്ലൂം”. ഈ കണികകൾ മണിക്കൂറുകളോളം വായുവിൽ തങ്ങിനിൽക്കുകയും മുറിയിലുടനീളം വ്യാപിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള മലിനമായ വായുവാണ് ഹാൻഡ് ഡ്രയറുകൾ കൈകളിലേക്ക് തിരികെ എത്തിക്കുന്നത്.ഇതോടെ, കഴുകി വൃത്തിയാക്കിയ കൈകളിലേക്ക് തന്നെ രോഗാണുക്കൾ വീണ്ടും പതിക്കുകയും കൈ കഴുകിയതിന്റെ പ്രയോജനം നഷ്ടമാകുകയും ചെയ്യുന്നു. ലണ്ടനിലെ ലീഡ്സ് സർവകലാശാല നടത്തിയ പഠനത്തിൽ, ജെറ്റ് ഹാൻഡ് ഡ്രയറുകൾ പേപ്പർ ടവലുകളെക്കാൾ 1,300 മടങ്ങ് കൂടുതൽ അണുക്കൾ വ്യാപിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൈകൾ മാത്രമല്ല, ഉപയോക്താവിന്റെ വസ്ത്രങ്ങൾ, മുഖം, സമീപത്ത് നിൽക്കുന്നവരിലേക്കു വരെ ബാക്ടീരിയകൾ പടരാൻ ഇതുവഴി സാധ്യതയുണ്ട്.2018-ൽ അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജി നടത്തിയ പഠനത്തിൽ, ചൂടുള്ള വായു ഡ്രയറുകൾ ഫിൽറ്ററുകൾ സ്ഥാപിച്ച ശേഷവും ബാക്ടീരിയകളെ പുറന്തള്ളുന്നുവെന്ന് കണ്ടെത്തിയിരുന്നു. ശുചിമുറികളിലെ ഈർപ്പമുള്ള അന്തരീക്ഷം പൂപ്പൽ, ഫംഗസ് എന്നിവയുടെ വളർച്ചയ്ക്കും സഹായകമാണ്. ഈ മലിനവും നനഞ്ഞതുമായ വായു കൈകളിലേക്ക് എത്തുന്നതിലൂടെ ചർമ്മരോഗങ്ങളും അലർജികളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ, പേപ്പർ ടവലുകളാണ് കൈ ഉണക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരിക്കൽ ഉപയോഗിച്ച് കളയുന്ന പേപ്പർ ടവലുകൾ കൈയിലെ വെള്ളവും അവശേഷിക്കുന്ന ബാക്ടീരിയകളും നീക്കം ചെയ്യാൻ സഹായിക്കുന്നു. പേപ്പർ ടവലുകൾ ലഭ്യമല്ലെങ്കിൽ, ഹാൻഡ് ഡ്രയറുകൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് കൈകൾ സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുകയാണെന്നും ശുപാർശ ചെയ്യുന്നു.


