ബാഗ് ആരും എടുക്കരുത്:ബൈക്ക് അപകടം സംശയാസ്പദമായി മാറി;നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കൊല്ലം :ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിൽ നിന്ന് എക്‌സൈസ് സംഘം നാലുകിലോ കഞ്ചാവ് പിടികൂടി. വടക്കേവിള പട്ടത്താനം പൂവക്കാട് തൊടിയിൽ വീട്ടിൽ ശരത് മോഹൻ (26) ആണ് പിടിയിലായത്. കൊല്ലം തേനി ദേശീയപാതയിലെ ശാസ്താംകോട്ട പുന്നമൂട് ജംഗ്ഷനു വടക്ക് കുരിശടിക്കുമുന്നിൽ ബുധനാഴ്ചയാണ് സംഭവം.ഭരണിക്കാവ് ഭാഗത്തുനിന്ന് സഞ്ചരിച്ചുവരികയായിരുന്ന ശരത്തിന്റെ ബൈക്ക് കാൽനടയാത്രക്കാരെ തട്ടി മറിയുകയായിരുന്നു. കാൽ ഒടിഞ്ഞ് രക്തസ്രാവത്താൽ കുഴഞ്ഞുവീണ ശരത്, കൈവശമുണ്ടായിരുന്ന ബാഗ് ആരും എടുക്കരുതെന്ന് ആവർത്തിച്ച് പറഞ്ഞു. സമീപത്തുണ്ടായിരുന്ന യുവാക്കൾ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ബാഗ് കൈവിട്ടുനൽകാൻ ശരത് വിസമ്മതിച്ചു.യുവാക്കൾ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്കായി നീങ്ങിയപ്പോൾ ശരത്, കൊല്ലം ഭാഗത്തേക്ക് പോകണമെന്നാവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയ യുവാക്കൾ പിന്നാലെ പോയി പുന്നമൂട്ടിൽ ഓട്ടോ തടഞ്ഞു.

Advertisements

അതിനിടെ ശരത് ഇറങ്ങി ബസ് സ്റ്റോപ്പിൽ കയറി കിടന്നുകൊണ്ട് ബാഗ് പുറത്തേക്ക് എറിഞ്ഞുവിടുകയും ചെയ്തു.സംഭവസ്ഥലത്തുണ്ടായിരുന്നവർ ഉടൻ ശാസ്താംകോട്ട പൊലീസിനെയും എക്‌സൈസ് സംഘത്തെയും വിവരം അറിയിച്ചു. എക്‌സൈസ് സംഘം സ്ഥലത്തെത്തി ബാഗ് പരിശോധിച്ചപ്പോൾ രണ്ട് കെട്ടുകളിലായി നാലുകിലോയിലധികം കഞ്ചാവ് കണ്ടെത്തി.അവശനിലയിലായ ശരത് മോഹനെ ആദ്യം ഊക്കൻമുക്കിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊല്ലത്ത് ചില്ലറവിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയതെന്ന് എക്‌സൈസ് സർകിൾ ഇൻസ്‌പെക്ടർ വൈശാഖ് പിള്ള അറിയിച്ചു. പാലക്കാട് ജില്ലയിൽ എംഡിഎംഎ കേസിൽ മുമ്പ് ജയിൽവാസം കഴിഞ്ഞിറങ്ങിയയാളാണ് ശരത് മോഹൻ. ഇയാളിൽ നിന്നു എടിഎം കാർഡുകളും നാല് ക്യുആർ കോഡ് സ്കാനറുകളും പിടിച്ചെടുത്തു. കഞ്ചാവ് വിൽപ്പന ഇടപാടുകൾ ഓൺലൈൻ വഴിയാണ് ഇയാൾ നടത്തുന്നതെന്നും കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിനും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുവെന്നും എക്‌സൈസ് വ്യക്തമാക്കി.

Hot Topics

Related Articles