ഭുവനേശ്വർ: കുളിക്കാനിറങ്ങിയ സ്ത്രീയെ മുതല കടിച്ചു വലിച്ചുകൊണ്ടുപോയ ഭീകര ദൃശ്യം വൈറൽ. ഒഡീഷയിലെ ജാജ്പൂർ ജില്ലയിലാണ് സംഭവം. ഖരസ്‌ത്രോത നദിയിലാണ് 55 കാരിയായ സൗദാമിനി വഹാലയെയാണ് മുതല ആക്രമിച്ചത്.തിങ്കളാഴ്ച വൈകുന്നേരം തുണി അലക്കാനായി നദിയിലേക്കിറങ്ങിയ സ്ത്രീയെ മുതല ആക്രമിച്ച് കൊണ്ടു പോയി. സ്ത്രീ സഹായത്തിനായി നിലവിളിച്ചെങ്കിലും ഒന്നും ചെയ്യാനായില്ല.സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പാലത്തിന്മുകളിൽ നിന്ന് നാട്ടുകാർ ബഹളം വെച്ച് മുതലയെ ഓടിക്കാൻ ശ്രമിക്കുന്നതും അതേസമയം മുതല സ്ത്രീയെ വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.സംഭവം അറിഞ്ഞതോടെ അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച ചിലർ നദിയിലേക്കിറങ്ങിയെങ്കിലും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായി ദൃക്‌സാക്ഷിയായ നബ കിഷോർ മാധ്യമങ്ങളോട് പറഞ്ഞു.അധികാരികൾ മുതലയെ കണ്ടെത്താനും സ്ത്രീയുടെ മൃതദേഹം തിരികെ പിടിക്കാനുമായി വ്യാപകമായ തിരച്ചിൽ തുടരുകയാണെന്ന് വ്യക്തമാക്കി.


