കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘർഷങ്ങള്‍ പുകയുന്നു. മലപ്പുറത്ത് യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍, കണ്ണൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ തർക്കം അക്രമത്തില്‍ കലാശിച്ചു. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എ.പി അനില്‍കുമാറിന്റെ പര്യടനത്തിനിടെയാണ് ലീഗ്-കോണ്‍ഗ്രസ് പ്രവർത്തകർ തമ്മില്‍ ഉദിരംപൊയിലില്‍ ഏറ്റുമുട്ടിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചോക്കാട് പഞ്ചായത്തിലെ ലീഗ് സ്ഥാനാർത്ഥിയുടെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന ആരോപണം നിലനിന്നിരുന്നു. കാലുവാരി എന്ന് ആരോപിച്ച്, പ്രചാരണത്തിനെത്തിയത് ലീഗ് പ്രവർത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തുകരുമായി സംഘര്‍ഷമുണ്ടായി.
സംഘർഷം രൂക്ഷമായതോടെ സ്ഥാനാർത്ഥി എ.പി അനില്‍കുമാർ വാഹനത്തില്‍ നിന്നിറങ്ങാതെ മൈക്കിലൂടെ സംസാരിച്ച് വേഗത്തില്‍ മടങ്ങി. അതേസമയം, തളിപ്പറമ്ബ് മലപ്പട്ടത്ത് യുഡിഎഫിന്റെ എല്‍ഇഡി വാള് വഴിയുള്ള പ്രചരണം സിപിഎം പ്രവർത്തകർ തടസ്സപ്പെടുത്തിയതായി പരാതിയുയർന്നു. ഇത് ചോദ്യം ചെയ്ത യുഡിഎഫ് പ്രവർത്തകരായ അനസ് നമ്ബറം, അബ്ദുല്‍ റസാഖ് എന്നിവർക്ക് മർദ്ദനമേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം ബോധപൂർവ്വം അക്രമം അഴിച്ചുവിടുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുല്‍ റഷീദിനെ തടഞ്ഞതായും പരാതിയുണ്ട്. അഞ്ചരക്കണ്ടി കൈതപ്രത്ത് വെച്ച് സ്ഥാനാർത്ഥിയുടെ പ്രചാരണ വാഹനത്തിന് കുറുകെ സ്കൂട്ടി നിർത്തിയിട്ടാണ് തടസ്സമുണ്ടാക്കിയത്. ഇതിന് പിന്നില്‍ സിപിഎം പ്രവർത്തകനാണെന്ന് യുഡിഎഫ് ആരോപിച്ചു. പൊലീസ് ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്.

