നിയമസഭാ തിരഞ്ഞെടുപ്പ്: ബംഗാളിൽ കനത്ത സുരക്ഷ; കേന്ദ്ര സേനയെ അടക്കം വിന്യസിച്ചു 

കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് 480 കമ്പനി അർദ്ധസൈനിക വിഭാഗത്തെയാണ് ബംഗാളില്‍ വിന്യസിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള അക്രമസംഭവങ്ങള്‍ തടയാനും സമാധാനപരമായ വോട്ടിംഗ് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഇത്രയും വിശാലമായ സേനാവിഭാഗത്തെ കേന്ദ്രം നിയോഗിക്കുന്നത്.

Advertisements

ഈ സുരക്ഷാ വിന്യാസം പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ 240 കമ്പനി അർദ്ധസൈനികരെ മാർച്ച്‌ ഒന്ന് മുതല്‍ വിന്യസിക്കാൻ തുടങ്ങും. ബാക്കിയുള്ള 240 കമ്പനികളെ മാർച്ച്‌ 10-ഓടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തിലൂടെ കൈമാറിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യ ഘട്ടത്തില്‍ എത്തുന്ന 240 കമ്പനി സേനയില്‍ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥർ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് സിആർപിഎഫിനാണ് (CRPF). 110 കമ്പനി സിആർപിഎഫ് ജവാന്മാരെയാണ് ഈ ഘട്ടത്തില്‍ നിയോഗിക്കുന്നത്. കൂടാതെ അതിർത്തി രക്ഷാസേനയായ ബിഎസ്‌എഫിന്റെ (BSF) 55 കമ്പനികളും സിഐഎസ്‌എഫിന്റെ (CISF) 21 കമ്പനികളും ഇതിലുണ്ടാകും. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിന്റെയും (ITBP) സശസ്ത്ര സീമ ബല്ലിന്റെയും (SSB) 27 കമ്പനികള്‍ വീതം സുരക്ഷാ ചുമതലകള്‍ക്കായി ബംഗാളിലെത്തും.

വടക്കൻ ബംഗാളിലെ എട്ട് ജില്ലകളിലും അതീവ ജാഗ്രത പുലർത്താനാണ് തീരുമാനം. തന്ത്രപ്രധാനമായ ഡാർജിലിംഗ്, കലിംപോങ് മലയോര മേഖലകളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും വോട്ടെടുപ്പ് ദിവസവും വോട്ടർമാരിലുണ്ടാകാൻ സാധ്യതയുള്ള ഭീതി അകറ്റുന്നതിനും നിഷ്പക്ഷമായ പോളിംഗ് ഉറപ്പാക്കുന്നതിനും കേന്ദ്ര സേനയുടെ സാന്നിധ്യം സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്.

Hot Topics

Related Articles