സ്വതന്ത്ര പിന്തുണയോടെ യുഡിഎഫ് ഭരിക്കുന്ന പാലാ നഗരസഭയിൽ വീണ്ടും തർക്കം. കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് വിട്ടുകൊടുക്കുന്നതിനെ സംബന്ധിച്ചാണ് തർക്കം. ബസ്റ്റാൻഡ് പൊതുപരിപാടിക്കായി അനുവദിക്കരുതെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. അതേസമയം, കൗൺസിൽ യോഗത്തിൽ പുളിക്കക്കണ്ടം കുടുംബത്തിലെ രണ്ട് കൗൺസിലർമാർ പങ്കെടുത്തിരുന്നില്ല. പുളിക്കകണ്ടം കുടുംബത്തിലെ കൗൺസിലർമാർ എൽഡിഎഫിനൊപ്പം ചേർന്ന് നാടകം കളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് വിമതയും നഗരസഭ ഉപാധ്യക്ഷായുമായ മായാ രാഹുലും യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. സ്വതന്ത്ര കൂട്ടായ്മ സിപിഎം -ഡിവൈഎഫ്ഐ നേതൃത്വങ്ങളുമായി ചേർന്ന് കളിക്കുകയാണെന്ന് കോൺഗ്രസ് കൗൺസിലർമാർ ആരോപിച്ചു. ഈ സാഹചര്യത്തിൽ ചെയർപേഴ്സണുള്ള പിന്തുണ പിൻവലിക്കുന്ന കാര്യം ആലോചിക്കുമെന്നും കൗൺസിലർമാർ വ്യക്തമാക്കി. ഇടതുപക്ഷവും ആയുള്ള സ്വതന്ത്ര കൂട്ടായ്മയുടെ ഒത്തുകളി യുഡിഎഫ് നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും കൗൺസിലർമാർ പറഞ്ഞു.
പാലാ നഗരസഭയിൽ വീണ്ടും തർക്കം ; ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി


