പെരുമയുടെ പല വഴികൾ തുറന്ന കലാലയം – പാലാ സെൻ്റ് തോമസ്

പാലാ : മീനച്ചിലാറിൻ്റെ തീരത്ത് 45 ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ സെൻ്റ് ജോസഫ് ബ്ലോക്കിലായിരുന്നു 1950 ൽ സെൻ്റ് തോമസ് കോളേജിൻ്റെ ഔദ്യോഗികമായ തുടക്കം. 300 വിദ്യാർത്ഥികളും 14 അദ്ധ്യാപകരും ഏതാനും അനദ്ധ്യാപകരും നാട്ടുകാരുമായിരുന്നു ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തത്. പ്രഥമ പ്രിൻസിപ്പലായി നിയമിക്കപ്പെട്ടത് പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശ സമിതി അധ്യക്ഷനും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ പ്രതിനിധിയുമായ ഡോ. പി. ജെ. തോമസായിരുന്നു.

Advertisements

അഭിവന്ദ്യ വയലിൽ പിതാവ് ഉൾപ്പെടെയുള്ളവർക്ക് ഈ കോളേജിനെക്കുറിച്ചുണ്ടായിരുന്ന സ്വപ്നം എത്രയോ ഉന്നതമായിരുന്നു എന്നതിൻ്റെ നിദർശനം കൂടിയായിരുന്നു ആ നിയമനം. കോളേജിൻ്റ രണ്ടാമത്തെ പ്രിൻസിപ്പലും കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായിരുന്ന മോൺ. ജോസഫ് കുരീത്തടത്തിലച്ചൻ്റെ കാലത്താണ് അക്കാദമിക് മേഖലയിലും ഭൗതിക രംഗത്തും സെൻ്റ് തോമസ് കോളേജ് ശക്തമായി നിലയുറപ്പിച്ചത്. ഒട്ടനേകം പുതിയ കോഴ്സുകൾ ആരംഭിച്ചതും പുതിയ കെട്ടിടസമുച്ചയങ്ങൾ നിർമ്മിക്കപ്പെട്ടതും ഇക്കാലഘട്ടത്തിലായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹത്തായ സ്വപ്നങ്ങളുടെയും ഉന്നതമായ ദീർഘവീക്ഷണത്തിൻ്റെയും തുടർച്ചയെന്നവണ്ണം ദേശീയതലത്തിലും
അന്തർദേശീയ തലത്തിലും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തികളെ സമൂഹത്തിന് സമ്മാനിച്ചുകൊണ്ടാണ് സെൻ്റ് തോമസ് കോളേജ് 75 വർഷം പിന്നിടുന്നത്.

1983 ൽ മഹാത്മഗാന്ധി യൂണിവേഴ്സിറ്റിസ്ഥാപിക്കപ്പെട്ടപ്പോൾ പ്രഥമ വൈസ് ചാൻസിലറായി നിയമിതനായത് സെൻ്റ് തോമസ് കോളേജിലെ പൊളിറ്റിക്സ് വിഭാഗം അധ്യാപകനായിരുന്ന ഡോ എ . റ്റി ദേവസ്യയായിരുന്നു. പിന്നീട് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരുമായിരുന്ന ഡോ. സിറിയക് തോമസ് [ പൊളിറ്റിക്സ് വിഭാഗം], ഡോ. ബാബു സെബാസ്റ്റ്യൻ [ മലയാളവിഭാഗം] എന്നിവരും എം.ജി. യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർമാരായി. കാലടി സർവകലാശാലയിൽ പ്രോ. വൈസ് ചാൻസിലറായിരുന്ന ഡോ. എസ്. രാജശേഖരനും സെൻ്റ് തോമസിലെ പൂർവ്വവിദ്യാർത്ഥിയാണ്.

അക്കാദമിക് രംഗത്തു മാത്രമല്ല രാഷ്ട്രീയ സാംസ്കാരിക മേഖലകളിലും കായിക രംഗത്തും പാലാപ്പെരുമയുടെ മുഖമായി മാറാൻ സെൻ്റ് തോമസ് കോളേജിന് സാധിച്ചു. 45 ഇൻ്റർനാഷണൽ അത് ലറ്റുകളെയാണ് ഈ കോളേജ് രാജ്യത്തിന് സമ്മാനിച്ചത്. അർജുന അവാർഡ് ജേതാക്കളായ ജിമ്മി ജോർജ്, വിൽസൺ ചെറിയാൻ,ദ്രോണാചാര്യ അവാർഡ് ജേതാവ് എൻ .എസ് പ്രദീപ്, ജി. വി. രാജ അവാർഡ് ജേതാവ് മനോജ് ലാൽ എന്നിവരിലൂടെ കായികലോകത്ത് സെൻ്റ് തോമസ് കോളേജിൻ്റെ യശസ്സുയർത്തപ്പെട്ടു.

ഒളിമ്പിക്സ് നിലവാരത്തിലുള്ള സ്വിമ്മിംഗ് പൂൾ, വുഡൻ ഫ്ലോറിംഗ് ഉള്ള മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം, ടെന്നീസ് കോർട്ട്, മൂന്ന് ടർഫ് വിക്കറ്റുകളോടു കൂടിയ ക്രിക്കറ്റ് ഫീൽഡ്, ഇൻഡോർ, ഔട്ട്ഡോർ സൗകര്യങ്ങളോടുകൂടിയ വോളിബോൾ, ബാസ്കറ്റ്ബോൾ കോർട്ടുകൾ, രണ്ട് ഫുട്ബോൾ സ്റ്റേഡിയം എന്നിവയും ക്രിക്കറ്റ് അക്കാദമിയും സംസ്ഥാന സ്പോർട്സ് അക്കാദമിയുടെ സഹകരണത്തോടെയുള്ള വോളിബോൾ, സ്വിമ്മിംഗ്, അത് ലറ്റിക്സ് സ്പോർട്സ് അക്കാദമികളും ഇന്ന് കോളേജിന് സ്വന്തമാണ്. ജൂണിയർ ഇന്ത്യൻ ടീം എക്സ്പാനൽഡ് കോച്ച് ഷിബു ഗോപിദാസിൻ്റെ പരിശീലനത്തിൽ പ്രവർത്തിക്കുന്ന ബാഡ്മിൻ്റൺ അക്കാദമിയിലൂടെ സ്കൂൾതലം മുതലുള്ള വിദ്യാർത്ഥികൾക്ക് സംസ്ഥാന-ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാനും മികച്ച വിജയം നേടുവാനും സാധിക്കുന്നു.

കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ മാതൃകലാലയം തങ്ങൾക്ക് സമ്മാനിച്ച ഹൃദ്യമായ ഓർമ്മകളോടെയാവും ഒക്ടോബർ 23 ന് വിശിഷ്ടാതിഥികളായി കോളേജിലെത്തുന്നത്. വനംവകുപ്പ് മുൻ മന്ത്രി എൻഎം. ജോസഫ്, മുൻ എംഎൽ.എ വി. ജെ ജോസഫ്, മുൻ ഗവർണർ കെ. എം ചാണ്ടി എന്നിവർ സെൻ്റ് തോമസിലെ അദ്ധ്യാപകരായിരുന്നു. ആൻ്റോ ആൻ്റണി എം.പി, മുൻ എം.പി മാരായ ജോയി എബ്രാഹം, ജോയി നടുക്കര, മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ, സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന കെ.ജി. ബാലകൃഷ്ണൻ, ജസ്റ്റിസ് സിറിയക് ജോസ് ,മുൻ ചീഫ് സെക്രട്ടറിമാരായ കെ.ജെ മാത്യു, ടോം ജോസ്, മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും വൈദ്യതി ബോർഡ് റഗുലേറ്ററി കമ്മീഷൻ ചെയർമാനുമായ ടി.കെ ജോസ്, സിബി ജോർജ്, സക്കീർ തോമസ്, ജ്യോതിസ് മോഹൻ,അഗസ്റ്റ്യൻ പീറ്റർ, പ്രസിദ്ധ സാഹിത്യകാരൻ സക്കറിയ, ചലച്ചിത്രതാരം മിയ ജോർജ് എന്നിവരുൾപ്പെടെ ശ്രദ്ധേയരായ ഒട്ടേറെ വ്യക്തികൾ ഉൾപ്പെട്ട പൂർവ്വവിദ്യാർത്ഥിനിര കൊണ്ടും സെൻ്റ് തോമസ് കോളേജ് സമ്പന്നമാണ്.

Hot Topics

Related Articles