പ്ലേ ഓഫ് പ്രതീക്ഷിച്ചിറങ്ങിയ ചെന്നൈയ്ക്ക് സഞ്ജുവിൻ്റെ തിരിച്ചടി; ആദ്യം വിരലിൽ പന്തിടിച്ച് പരിക്ക് ; പിന്നാലെ ഗോൾഡൻ ഡക്ക് 

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ ജീവൻമരണ പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിങ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ് നിരാശ.ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ തകര്‍ത്തടിച്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സഞ്ജുവിന് പക്ഷെ ഇത്തവണെ തൊട്ടതെല്ലാം പിഴച്ചു. ഗുജറാത്ത് ഇന്നിംഗ്സിലെ രണ്ടാം ഓവറില്‍ തന്നെ സ്പെന്‍സര്‍ ജോണ്‍സന്‍റെ പന്ത് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വിരലിന് പരിക്കേറ്റ് ഗ്രൗണ്ട് വിട്ട സഞ്ജു പിന്നീട് ബാറ്റിംഗിനിറങ്ങിയപ്പോള്‍ മുഹമ്മദ് സിറാജിന്‍റെ നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് പിന്നില്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച്‌ സമ്മാനിച്ച്‌ മടങ്ങിയത് ഇരട്ടപ്രഹരമായി. ഗുജറാത്ത് ഇന്നിംഗ്സിലെ രണ്ടാം ഓവറിലായിരുന്നു സഞ്ജുവിന്‍റെ വിരലിന് പരിക്കേറ്റത്. സ്പെൻസർ ജോണ്‍സണ്‍ എറിഞ്ഞ പന്ത് ലെഗ് സൈഡില്‍ വൈഡായപ്പോള്‍ പന്ത് ബൗണ്ടറി കടക്കാതിരിക്കാനായി തടയാന്‍ ശ്രമിക്കവെ അപ്രതീക്ഷിതമായി ദിശ മാറിയ പന്ത് സഞ്ജുവിന്‍റെ വിരലുകളില്‍ കൊണ്ട് ബൗണ്ടറി കടന്നു. പന്ത് കയ്യില്‍ കൊണ്ടതിന് പിന്നാലെ കടുത്ത വേദനയോടെ സഞ്ജു നിലത്തിരുന്നു. ഉടൻ തന്നെ മെഡിക്കല്‍ സംഘം എത്തി പരിശോധിച്ചെങ്കിലും വേദന കുറയാത്തതിനെ തുടർന്ന് സഞ്ജുവിന് ഗ്രൗണ്ട് വിടേണ്ടി വരികയായിരുന്നു. സഞ്ജുവിന് പകരം ഉർവില്‍ പട്ടേലാണ് ചെന്നൈക്ക് വേണ്ടി പിന്നീട് വിക്കറ്റ് കീപ്പറുടെ ചുമതല ഏറ്റെടുത്തത്. സഞ്ജുവിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Advertisements

സഞ്ജു പിന്നീട് ബാറ്റിംഗിനിറങ്ങുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും മാത്യു ഷോര്‍ട്ടിനൊപ്പം സഞ്ജു ഓപ്പണറായി ക്രീസിലെത്തി. മുഹമ്മദ് സിറാജ് എറിഞ്ഞ ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ ബാറ്റുവെച്ച സഞ്ജുവിനെ വിക്കറ്റിന് പിന്നില്‍ ബട്‌ലര്‍ അനായാസം കൈയിലൊതുത്തി. 23 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ സീസണില്‍ 500 റണ്‍സ് തികക്കാമായിരുന്ന സഞ്ജു 14 മത്സരങ്ങളില്‍ 477 റണ്‍സുമായി സീസണ്‍ അവസാനിപ്പിച്ചു. സീസണിലാകെ രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയ സഞ്ജു 53 ഫോറും 24 സിക്സും പറത്തി. ഈ സീസണില്‍ ഇതുവരെ രണ്ട് സെഞ്ചുറികള്‍ നേടിയ ഒരേയൊരു താരവും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ടോപ് സ്കോററും സഞ്ജുവാണ്. നിലവില്‍ റണ്‍വേട്ടക്കാരില്‍ പത്താം സ്ഥാനത്താണ് സഞ്ജു.

Hot Topics

Related Articles