ആലപ്പുഴ: കുപ്രസിദ്ധ കുറുവസംഘം പ്രതികളായ ആദ്യമോഷണകേസിൽ രണ്ടാംപ്രതിയെ കോടതി വെറുതെവിട്ടു. പ്രോസിക്യൂഷന് തിരിച്ചടി. തമിഴ്നാട് രാമനാഥപുരം പരമക്കുടി എം.ജി.ആർ നഗർ കട്ടുപൂച്ചനെയാണ് (56) ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി-രണ്ട് ജഡ്ജി ശ്രീതൾ ശശിധരൻ വെറുതെവിട്ടത്. ഭവനഭേദനകേസിൽ കുറ്റക്കാരനാണെന്ന് കണ്ട് കേസിൽ ഒന്നാംപ്രതിയായ തമിഴ്നാട് തേനി കാമാക്ഷിപുരം സന്ദന മാരിയമ്മൻ കോവിൽ സ്ട്രീറ്റ് സന്തോഷ് ശെൽവത്തെ (25) ശിക്ഷിച്ചു. രണ്ടുവർഷം തടവും 20,000 രൂപയുമാണ് പിഴ. ഭവനഭേഭദനത്തിനും മോഷണത്തിനും രണ്ടുവർഷംവീതവും 10,000 രൂപവീതം പിഴയും നൽകണം. പിഴയെടുക്കിയില്ലെങ്കിൽ രണ്ടുമാസംകൂടി അധികതടവുണ്ടാകും. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. വിചാരണകാലളവിൽ 21മാസം ജയിലിൽ കിടന്നത് ശിക്ഷയിൽനിന്ന് ഇളവുചെയ്യും.
ഇരയായ മണ്ണഞ്ചേരി സ്വദേശിനിയായ ഇന്ദുവിന് 5,000രൂപ നൽകാനുമാണ് വിധി. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് മോഷണകേസിൽ ഒരുകേസിന്റെ വിധിയാണ് പറഞ്ഞത്. തെളിവുകളുടെ അഭാവവും പൊലീസിന്റെ അറസ്റ്റ് ഉൾപെടെയുള്ള നടപടിക്രമങ്ങളിലെ വീഴ്ചുകളും ചൂണ്ടിക്കാട്ടിയാണ് കോടതി രണ്ടാം പ്രതിയായ കട്ടുപൂച്ചനെ വെറുതെവിട്ടത്.
2024 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മുഖംമൂടി ധരിച്ചെത്തുന്ന അര്‍ധനഗ്നരായ സംഘം വീടുകളുടെ പിന്‍വാതിലിലൂടെ അകത്ത് കടന്ന് കവര്‍ച്ച നടത്തുന്നതായിരുന്നു ഇവരുടെ രീതി. ചേര്‍ത്തല, മണ്ണഞ്ചേരി, കോമളപുരം, പുന്നപ്ര അടക്കമുള്ള സ്ഥലങ്ങളിലാണ് മോഷണ പരമ്പര അരങ്ങേറിയത്. മണ്ണഞ്ചേരി റോഡുമുക്ക് പടിഞ്ഞാറ് മാളിയേക്കൽ കുഞ്ഞുമോന്റെ ഭാര്യ ഇന്ദുവിന്റെ മൂന്നരപവൻ സ്വർണമാലയാണ് സംഘം അഹരിച്ചത്. കോമളപുരം സ്പിന്നിങ് മില്ലിനു പടിഞ്ഞാറ് നായിക്യംവെളി അജയകുമാറിന്റെ ഭാര്യ വി.എസ്. ജയന്തി താലികോർത്തിരുന്ന മാലയും കവർന്നിരുന്നു. ഇത് സ്വർണമല്ലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിന് പിന്നാലെ പ്രധാനപ്രതി സന്തോഷ് സെൽവനെ എറണാകും കുണ്ടന്നൂരിൽനിന്നും രണ്ടാംപ്രതി കട്ടുപൂച്ചനെ തമിഴ്നാടുനിന്നുമാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. സംസ്ഥാനത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും പ്രതികളെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ അന്വേഷണസംഘം പാലിച്ചിട്ടില്ലെന്നും കോടതിയിൽ കസ്റ്റഡി അപേക്ഷനൽകിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. രാത്രിയിൽ നടന്ന മോഷണത്തിന്റെ 60 സി.സി.സി.ടി.വി ദൃശ്യങ്ങൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ മാത്രമാണ് ഹാജരാക്കിയത്. ഇതും തിരിച്ചടിയായി.
തിരിച്ചറിയൽ പരേഡ് നടത്തുന്നതിന് മുമ്പേ മുഖംമറക്കാതെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചതും സ്വകാര്യയൂട്യൂബ് ചാനലിന് കേസ് വിവരങ്ങൾ കൈമാറിയതും പൊലീസിന്റെ വീഴ്ചയായി വിലയിരുത്തി. സാക്ഷികൾ തിരിച്ചറിയുന്നതിന് മുമ്പേ പ്രതികളെ യൂട്യൂബ് ചാനലിലൂടെ അവതരിപ്പിച്ചതിലൂടെ 7,13,000 പേർ കണ്ടതിന്റെ ഡിജിറ്റൽ തെളിവുകളും പ്രതിഭാഗം കോടതിക്ക് കൈമാറിയിരുന്നു. പ്രതിഭാഗത്തിനുവേണ്ടി ആലപ്പുഴ ചീഫ് ഡിഫൻസ് കൗൺസിൽ അഭിഭാഷൻ സി.ടി. സുധീഷ് ഹാജരായി.


