കോട്ടയം : കോട്ടയം പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ രബീന്ദ്രോത്സവവുമായി ബന്ധപ്പെട്ട് രബീന്ദ്ര നാഥ ടാഗോറിൻ്റെ പൂർണകായ പ്രതിമയുടെ അനാച്ഛാദനം കേന്ദ്ര പെട്രോളിയം & നാച്ചുറൽ ഗ്യാസ്, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. ജവഹർ നവോദയ വിദ്യാലയത്തിലെ കലാ അദ്ധ്യാപകൻ രാജേഷ് കുമാറാണ് വിദ്യാലയ അങ്കണത്തിൽ നിർമ്മിച്ച ടാഗോർ പ്രതിമയുടെ ശില്പി. സ്കൂൾ പ്രിൻസിപ്പൽ ജോളി വിൻസൻ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര മന്ത്രി മുഖ്യ പ്രഭാഷണം നടത്തി.രബീന്ദ്ര നാഥ ടാഗോറിന്റെ പൂർണകായ പ്രതിമ സ്ഥാപിച്ചതിലൂടെ ഭാരതീയ സംസ്കാരത്തിൻ്റെ മഹത്വവും ആ സംസ്കാരം ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിന് ടാഗോർ നൽകിയ സംഭാവനകളും ഓർമപ്പെടുത്തുകയാണ് ചെയ്തതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.സ്കൂൾ വൈസ് പ്രിൻസിപ്പൽ എ.ടി ശശി സ്വാഗതവും സീനിയർ അധ്യാപകനായ സാബു ജോസ് കൃതജ്ഞതയും അർപ്പിച്ചു.
ഫ്രാൻസിസ് ജോർജ് (ബഹു. എം.പി കോട്ടയം), വി.ടി.സോമൻകുട്ടി(പ്രസി. വിജയപുരം ഗ്രാമ പഞ്ചായത്ത്), സാറാമ്മ തോമസ് (വാർഡ് മെമ്പർ) എന്നിവർ പ്രസംഗിച്ചു.
വിദ്യാലയത്തിലെ ചിത്രകലാദ്ധ്യാപകനും ശില്പിയുമായ രാജേഷ് കുമാറിനെ ചടങ്ങിൽ കേന്ദ്ര മന്ത്രി ആദരിച്ചു .
രബീന്ദ്രോത്സവത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പദ്യ പാരായണം,പ്രസംഗം, ഉപന്യാസം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി.


