കൊല്ലം: കേരളത്തിലെ പാർട്ടി എന്നും മുൻനിരയിലാണെന്ന് പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട്. രാജ്യത്തെ പാർട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തില്‍ നിന്നാണ്. ബദല്‍ നയരൂപീകരണതിതില്‍ പിണറായി വിജയനും ഇടത് സർക്കാറും പ്രശംസ അർഹിക്കുന്നുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.
രാഷ്ട്രീയ അടവുനയ രൂപീകരണവും രാഷ്ട്രീയ വിലയിരുത്തല്‍ റിപ്പോർട്ടും നിർണ്ണായകമാണ്. യച്ചൂരിയുടേയും കോടിയേരിയുടേയും വിയോഗം പരിഹരിക്കാനാവാത്ത നഷ്ടമാണ്. അന്തർ ദേശീയ- ദേശീയ തലങ്ങളിലെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കുന്നതാകണം സംസ്ഥാന സമ്മേളന ചർച്ചകളും നടപടികളുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തിലെ സിപിഎമ്മിന് വലിയ ഉത്തരവാദിത്തമുണ്ട്. രാജ്യത്തിനാകെ ആവേശം പകർന്ന് ഇടത് നിലപാടുകള്‍ രാജ്യത്താകെ വ്യാപിപ്പിക്കാൻ കഴിയണം. നവകേരള പുതുവഴി നയരേഖ പുതിയ വികസിത കേരളത്തിനുള്ള വഴികാട്ടിയാകും. പുരോഗമന ആധുനിക മതനിരപേക്ഷ വ്യവസായ കേരളമാണ് രേഖ മുന്നോട്ട് വക്കുന്നത്. സംഘടനാ ഐക്യം ഊട്ടി ഉറപ്പിക്കുന്ന സമ്മേളനമാണിതെന്നും കാരാട്ട് കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലം ടൗണ്‍ ഹാളില്‍ കോടിയേരി ബാലകൃഷ്ണൻ നഗറില്‍ ചേരുന്ന സമ്മേളനത്തില്‍ 530 പ്രതിനിധികളാണ് സംസ്ഥാനത്തെമ്പാട് നിന്നും പങ്കെടുക്കുന്നത്. രാവിലെ മുതിർന്ന അംഗം എകെ ബാലൻ പതാക ഉയർത്തിയതോടെയാണ് പരിപാടികള്‍ തുടങ്ങിയത്.
പിബി കോർഡിനേറ്ററായ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സമ്മേളനത്തില്‍ വയ്ക്കും.
ഇതോടൊപ്പം നവകേരള നയരേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും. സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപം ഉള്‍പ്പെടെ ആകർഷിക്കാൻ കഴിയുന്ന നിർദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ളതാണ് നയരേഖ. പ്രായപരിധി കർശനമാക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് എകെ ബാലൻ, ആനാവൂർ നാഗപ്പൻ, പികെ ശ്രീമതി എന്നിവർ ഒഴിവാകും. പി ശശി അടക്കമുള്ളവരെ പുതുതായി ഉള്‍പ്പെടുത്താനാണ് സാധ്യത.