സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 10 ജില്ലകളിൽ വിവിധ അലര്‍ട്ടുകൾ; “മോന്ത” നാളെ കരതൊടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. ഈ ദിവസങ്ങളിൽ കാറ്റോടും ഇടിയോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നാളെയും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

Advertisements

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായും തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഒക്ടോബർ 27-നു രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി, ഒക്ടോബർ 28-നു രാവിലെയോടെ ഒരു തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തിപ്രാപിക്കും. ഒക്ടോബർ 28-നു വൈകുന്നേരത്തോടെ ആന്ധ്രാ പ്രദേശ് തീരത്ത് മച്ചിലിപട്ടണംത്തിനും കാലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, അതിതീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിച്ച് രൂപപ്പെട്ട ‘മോന്ത’ (Montha) ചുഴലിക്കാറ്റ് നാളെ തീരം തൊടും. തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ശേഷം ആന്ധ്രാപ്രദേശ് തീരത്തായിരിക്കും മോന്ത കരയിൽ പ്രവേശിക്കുക. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഒഡീഷയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒഡീഷയിലെ എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി എൻ.ഡി.ആർ.എഫ്. (NDRF), എസ്.ഡി.ആർ.എഫ്. (SDRF) സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.കേരളത്തിലെ മഴയും, സമീപ സംസ്ഥാനങ്ങളെ ബാധിക്കുന്ന ചുഴലിക്കാറ്റും പരിഗണിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Hot Topics

Related Articles