കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടില്‍ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി.പിണറായി വിജയൻ്റെ മരുമകനും എംഎല്‍എയുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടില്‍ നടന്ന ഇഡി പരിശോധനയും പൂർത്തിയായിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോള്‍ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. മുഹമ്മദ് റിയാസിൻ്റെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടില്‍ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നല്‍കിയതായി എം വി ജയരാജൻ അറിയിച്ചു.
ഒരു വർഷത്തോളമായി നിയമക്കുരുക്കിലായ മാസപ്പടി കേസില്‍ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇഡിയുടെ മിന്നല്‍ പരിശോധന നടന്നത്. ഒരു ദിവസം വൈകിയാല്‍ പ്രതികള്‍ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള സാധ്യതകൂടി കണ്ടാണ് കേന്ദ്ര അനുമതി വാങ്ങിയുള്ള അടിയന്തര നീക്കം. അന്വേഷണ പരിധിയില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.


