കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി. അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടന്നത്. എസ്ഐടിയുടെ എസ്പി എസ് ശശിധരനെ വിളിച്ച് കോടതി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിലവിലെ അന്വേഷണ പുരോഗതി ഉദ്യോഗസ്ഥർ കോടതിയ്ക്ക് കൈമാറി.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. കേസ് നവംബർ 15ന് പരിഗണിക്കാനായി മാറ്റി. ശബരിമല സ്വർണക്കൊളളയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ദേവസ്വം ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശബരിമല സന്നിധാനത്ത് നടന്നത് സ്വർണക്കവർച്ച തന്നെയെന്ന് എസ്ഐടി. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണം കവർന്നത്. ഹൈക്കോടതിയിൽ നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് എസ്ഐടി ഇക്കാര്യം അറിയിച്ചത്. 1998ൽ ദ്വാരപാലക ശിൽപങ്ങൾ അടക്കം വിജയ് മല്യ സ്വർണം പൊതിഞ്ഞാണ് നൽകിയതെന്നും ഇതിനുപകരം സ്വർണം പൂശി നൽകിയാൽ പിടിക്കപ്പെടില്ലെന്നുമുളള കണക്കുകൂട്ടലിലാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റുചെയ്തെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരും. 2019ൽ സ്വർണം പൂശുന്നതിനായി ദ്വാരപാലക ശില്പങ്ങളുടെ പാളികൾ സന്നിധാനത്ത് നിന്ന് ഏറ്റുവാങ്ങി ബംഗ്ലൂരുവിലേക്ക് കൊണ്ടുപോയത് അനന്ത സുബ്രഹ്മണ്യമാണ്.
ഇവിടെ നിന്ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കുന്നതിനിടെ സ്വർണം കവർന്നു എന്നാണ് എസ്ഐടി നിഗമനം. നാഗേഷ്, കൽപ്പേഷ് തുടങ്ങി കൂട്ടുനിന്നവരിലേക്ക് എത്താനാണ് ശ്രമം. ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഇന്നലെ മുഴുവൻ അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്തിരുന്നു.


