ശബരിമല തീർത്ഥാടനം: ജലാശയങ്ങളിൽ കുളിക്കുമ്പോൾ ജാഗ്രത നിർബന്ധം; അമീബിക് ഇൻഫെക്ഷൻ ഭീഷണിയിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പ്

പത്തനംതിട്ട:അമീബിക് എൻസെഫലൈറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശബരിമല തീർത്ഥാടനം ചെയ്യുന്ന ഭക്തർക്കായി ആരോഗ്യവകുപ്പ് പുതിയ ജാഗ്രതാനിർദേശങ്ങൾ പുറത്തിറക്കി. ജലാശയങ്ങളില്‍ കുളിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പാലിക്കണമെന്ന് നിർദേശത്തിൽ പറയുന്നു.പമ്പാസ്നാനം സമയത്ത് മൂക്കിൽ വെള്ളം കയറാതിരിക്കണം. വെള്ളത്തിൽ മുങ്ങുമ്പോൾ മൂക്ക് പൊത്തിപിടിക്കുകയോ നെസൽ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Advertisements

പമ്പാനദിയിൽ ഇപ്പോഴുള്ള ശക്തമായ ഒഴുക്ക് കാരണം അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും അധികൃതർ വ്യക്തമാക്കി.ഭക്തർ നദികളിലും കുളങ്ങളിലും കുളിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും കുളിക്കാനുപയോഗിച്ച തുണി നന്നായി പിഴിഞ്ഞശേഷം മാത്രമേ മുഖവും തലയും തുടയ്ക്കാവൂ എന്നും നിർദ്ദേശമുണ്ട്. കുടിവെള്ളമായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശബരിമലയിൽ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നിരോധിതമാണെന്നും ശുചിത്വമുള്ള ടോയ്ലറ്റുകൾ ഉപയോഗിക്കണമെന്നും നിർദേശിക്കുന്നു.ശബരിമല, പമ്പ, നിലയ്ക്കൽ മേഖലകളിൽ പാമ്പുകടി ചികിത്സയ്ക്കുള്ള വിഷവിരുദ്ധ മരുന്നുകൾ ലഭ്യമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ തീർത്ഥാടന സീസണിൽ മെച്ചപ്പെടുത്തിയ മെഡിക്കൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.തീർത്ഥാടനത്തിന് മുമ്പുള്ള ദിവസങ്ങളിൽ ലഘു വ്യായാമങ്ങളും നടത്തവും ചെയ്യുന്നത് ശരീരക്ഷീണമൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

മലകയറുമ്പോൾ ക്ഷീണം, നെഞ്ചുവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. അടിയന്തരസഹായത്തിനായി 04735-203232 എന്ന നമ്പറിൽ വിളിക്കാം.തീർത്ഥാടകർക്ക് വേണ്ടിയുള്ള പ്രധാന റഫറൽ ആശുപത്രിയായി കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രവർത്തിക്കും. ഇവിടെ നൂറിലധികം കിടക്കകൾ സീസണിനായി സംവരണം ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയകളും നടത്തും. നിലയ്ക്കലിലും പമ്പയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ കേന്ദ്രങ്ങൾ സജ്ജമാണ്.സന്നിധാനത്തും പമ്പയിലും അടിയന്തര കാർഡിയാക് കെയർ സെന്ററുകൾ പ്രവർത്തിക്കും. പന്തളം, അടൂർ, പത്തനംതിട്ട, വടശേരിക്കര എന്നിവിടങ്ങളിൽ പ്രത്യേക ഫാർമസികളും ആരംഭിച്ചിട്ടുണ്ട്. ഹോട്ടലുകളും റസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുമുണ്ട്.

Hot Topics

Related Articles