പമ്പ :ശബരിമല തീർത്ഥാടന കാലത്ത് സർക്കാർ നടത്തിയ തയ്യാറെടുപ്പുകൾ പരാജയപ്പെട്ടതായും അവിടെ നിലനിൽക്കുന്ന അവ്യവസ്ഥ തീർത്ഥാടകരെ ദുരിതത്തിലാക്കിയതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . അയ്യപ്പഭക്തർ മല കയറാതെ തന്നെ തിരികെ പോകേണ്ട സാഹചര്യമാണിപ്പോൾ നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.ശബരിമല വിഷയത്തിൽ സ്ഥിതി പരിശോധിക്കാൻ യുഡിഎഫ് പ്രതിനിധി സംഘം ഉടൻ ശബരിമല സന്ദർശിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. .
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷാവസ്ഥയിലെത്തിയിരിക്കുകയാണെന്നും ആരോഗ്യ മേഖല ‘വെന്റിലേറ്ററിലാണ്’ എന്നും വിഡി സതീശൻ വിമർശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടാണ് യുഡിഎഫ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും ഇത് ഇടതുപക്ഷ ദുർഭരണത്തിനെതിരായ പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെതിരായ കുറ്റപത്രം യുഡിഎഫ് ഉടൻ പുറത്തുവിടുമെന്നും 24-ന് കൊച്ചിയിൽ യുഡിഎഫ് മാനിഫെസ്റ്റോ പ്രകാശനം നടത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൽഡിഎഫുകാരുടെ ‘പോക്കറ്റുകൾ’ മാത്രം വികസിച്ചുവെന്നും ശബരിമലയുടെ സ്വർണ്ണം വരെ കൊള്ളയടിക്കപ്പെട്ടുവെന്നും സതീശൻ രൂക്ഷമായ ഭാഷയിൽ ആരോപിച്ചു. മൂന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരും മന്ത്രിമാരും വരെ അന്വേഷണത്തിന് വിധേയരാവേണ്ടിവരുമെന്നും ശരിയായ അന്വേഷണം നടത്തിയാൽ നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമലയിലെ സാഹചര്യങ്ങൾ ഭയാനകമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെയാണ് വ്യക്തമാക്കിയതെന്നും സീസൺ തയ്യാറെടുപ്പിൽ സർക്കാരിന് എന്താണ് തടസ്സമായതെന്ന് സതീശൻ ചോദിച്ചു. ശബരിമല സീസൺ സർക്കാർ വികലമാക്കിയെന്നും കുടിവെള്ളവും ടോയ്ലറ്റ് സൗകര്യവും ഇല്ലാതിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പമ്പ മേഖല മലിനമായതും തീർത്ഥാടകർക്ക് വലിയ ദുരിതമായി മാറിയതുമാണ് അദ്ദേഹത്തിന്റെ ആരോപണം.


