കൊച്ചി : കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാളിയുടെ ഭാവുകത്വത്തെ പുതിയ തലങ്ങളിലേക്ക് ഉയർത്തിയ കവി കെ. സച്ചിദാനന്ദൻ്റെ ആത്മകഥ ‘അവിരാമം’ പുറത്തിറങ്ങുന്നു. കവിയുടെ പിൻതലമുറക്കാരായ പി.പി. രാമചന്ദ്രൻ, പി. രാമൻ, അൻവർ അലി, ലോപാമുദ്ര, മനോജ് കുറൂർ, ഇന്ദുലേഖ, എം.ആർ. രേണുകുമാർ, അമ്മു ദീപ എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. കോട്ടയം ആസ്ഥാനമായ ‘കാർനെ’ ബുക്സിൻ്റെ ആദ്യ പുസ്തകമാണ് ‘അവിരാമം’.




കാർനെ ബുക്ക്സ് ഉദ്‌ഘാടനം കെ. സച്ചിദാനന്ദൻ തദവസരത്തിൽ നിർവഹിക്കും. പ്രമുഖ പത്രപ്രവർത്തകൻ കെ.സി. നാരായണൻ ആമുഖ പ്രഭാഷണവും ഫാ. ബോബി ജോസ് കട്ടിക്കാട്, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്ബ് എന്നിവർ പ്രത്യേക പ്രഭാഷണങ്ങളും നടത്തും. എറണാകുളം സൗത്തിൽ ചാവറ കൾച്ചറൽ സെൻ്ററിൽ ജനുവരി 18 ഞായറാഴ്ച വൈകുന്നേരം 3.30നാണ് ചടങ്ങ്.
പ്രമുഖ മാധ്യമ പ്രവർത്തകൻ സി. ഗൗരീദാസൻ നായർ ചീഫ് എഡിറ്ററായ
കാർനെ ബുക്സിൻ്റെ വെബ് സ്റ്റോർ നോവലിസ്റ്റ് എസ്. ഹരീഷും കാർനെ കഫെ വെബ്സൈറ്റ് എഴുത്തുകാരൻ എതിരൻ കതിരവനും ഉദ്ഘാടനം ചെയ്യും. കാർനെ ബുക്സ് തുടർന്ന് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ കവർ പ്രകാശനവും തദവസരത്തിൽ നടക്കും. കാർനെ ബുക്സിനെ നയിക്കുന്നത് നോട്ട്ബുക്ക് വ്യവസായ രംഗത്ത് ചെറിയ കാലം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച യുവവ്യവസായി അലക്സ് കുരുവിളയാണ്.
പ്രമുഖ മറാഠി സാഹിത്യകാരനായ ശരൺകുമാർ ലിംബാലെയുടെ ഏറ്റവും പുതിയ നോവൽ ‘വന്ദേ മാതരം’ (പി.എഫ്. മാത്യൂസ്), ഫാ. ബോബി ജോസ് കട്ടിക്കാടിൻ്റെ ‘വെളിച്ചം’ (ഫാ. അനിൽ ആന്റണി), പ്രമോദ് രാമൻ്റെ കഥാസമാഹാരം ‘ശകുനം മോങ്ങി’ (മനോജ് കുറൂർ), എം.ജി. രാജമാണിക്യം IAS ൻ്റെ ‘വിജയപഥത്തിലേക്കുള്ള കഠിനപാതകൾ’ (സണ്ണിക്കുട്ടി എബ്രഹാം), എൻ.എം. പിയേഴ്സൺൻ്റെ ‘ഇക്കോ ക്രിട്ടിസിസം'(എൻ.ജി. ഉണ്ണികൃഷ്ണൻ),
ജി.പി.രാമചന്ദ്രൻ്റെ ഈജിപ്ത് യാത്രക്കുറിപ്പുകൾ
‘നാഗരികതയുടെ പിരമിഡുകൾ’
(എം.ജി. രാജമാണിക്യം), എം.ബി. മിനിയുടെ കഥാസമാഹാരം ‘മാജിക് മഷ്റൂം’
(ജോർജ് ജോസഫ്), സുജാതയുടെ നോവൽ ‘ആകാശത്തിനും ഭൂമിക്കുമിടയിൽ’
(പി.എസ്. റഫീഖ്), ഡി. വിനയചന്ദ്രന്റെ കവിതകളും പഠനവുമുൾക്കൊള്ളുന്ന സജയ് കെ.വി. യുടെ ‘പ്രിയേ, വിരഹ ഹേമന്തമേ!’ (ഹരികുമാർ ചങ്ങമ്പുഴ), ജയകൃഷ്ണൻ്റെ കഥാസമാഹാരം ‘യുവതികളെപ്പറ്റി അശ്ലീല കഥകളെഴുതിയ കിഴവന്റെ കഥ’ (പ്രമോദ് രാമൻ), സാബ്ലു തോമസിൻ്റെ നോവൽ ‘ അലക്സാണ്ട്രിയയിലെ വിളക്കുമാടം'(ബോണി തോമസ്) എന്നി കൃതികളുടെ മുഖചിത്രങ്ങളാണ് പ്രകാശിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് എം.ജി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സ് അസോസിയേറ്റ് പ്രൊഫസർ അജു കെ. നാരായണൻ രചനയും സംവിധാനവും നിർവഹിച്ച ഏകാംഗ നാടകം ‘ഒഴിഞ്ഞ ബാൽക്കണി’ രാകേഷ് പാലിശേരി വേദിയിൽ അവതരിപ്പിക്കും.


