തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ കേസിൽ സംസ്കൃത വിഭാഗ മേധാവി സി.എൻ. വിജയകുമാരി സമർപ്പിച്ച ജാമ്യാപേക്ഷയിൽ പരാതിക്കാരനായ ഗവേഷക വിദ്യാർഥി വിപിൻ വിജയന്റെയും വാദം കേൾക്കാൻ കോടതി . വിപിൻ വിജയനെ ഡിസംബർ അഞ്ചിന് ഹാജരാകാൻ നെടുമങ്ങാട് എസ്.സി-എസ്.ടി പ്രത്യേക കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.അക്കാദമിക് നിലവാരം പാലിക്കാത്ത പ്രബന്ധം അംഗീകരിക്കാനാവില്ലെന്നും, താൻ ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വിജയകുമാരി ജാമ്യഹർജിയിൽ വ്യക്തമാക്കി. ഗവേഷണ പ്രബന്ധത്തിലെ അപാകത ചൂണ്ടിക്കാട്ടിയതിനെതിരായ വിരോധവും രാഷ്ട്രീയ പകപോക്കലുമാണ് കേസിന് പിന്നിലെന്ന് അവർ ആരോപിച്ചു.
വിജയകുമാരിയുടെ അറസ്റ്റിൽ ഹൈക്കോടതി ഇടക്കാലമായി സ്റ്റേ നൽകിയിട്ടുണ്ട്.ഗവേഷകൻ വിപിൻ വിജയന്റെ പരാതിയെ തുടർന്ന്, പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം ശ്രീകാര്യം പൊലീസ് വിജയകുമാരിക്കെതിരെ കേസ് എടുത്തിരുന്നു. ഓപ്പൺ ഡിഫൻസിന് ശേഷമുള്ള അവലോകനത്തിൽ പ്രബന്ധത്തിൽ വലിയ ന്യൂനതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാൻസലർക്ക് വിജയകുമാരി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിപിൻ പരാതി നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാര്യവട്ടം ക്യാംപസിൽ എംഫിൽ പഠിക്കുമ്പോൾ മുതൽ തന്നെ വിജയകുമാരി ജാതി പറഞ്ഞും വിവേചനം കാണിച്ചുമാണ് പെരുമാറിയതെന്നും, “പുലയന്മാർക്ക് സംസ്കൃതം പഠിക്കേണ്ട” എന്നടക്കമുള്ള അപമാനകരമായ വാക്കുകൾ ഉപയോഗിച്ചിരുന്നുവെന്നും വിപിൻ പരാതിയിൽ ആരോപിച്ചു.


