ദുബായ് :പാകിസ്ഥാനോട് പൊരുതി നേടിയ ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും കൂടിയായ, ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയുടെ കയ്യിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന ഇന്ത്യൻ ടീമിന്റെ നിലപാടാണ് സമ്മാനദാന ചടങ്ങിൽ വലിയ വിവാദത്തിനും നാടകീയ സംഭവങ്ങൾക്കും വഴിവച്ചത്.മത്സരം കഴിഞ്ഞതിന് പിന്നാലെ നിശ്ചയിച്ചിരുന്ന സമ്മാനദാനച്ചടങ്ങ് ഏകദേശം ഒരു മണിക്കൂർ വൈകി. നഖ്‌വി ട്രോഫി നൽകുമെന്ന് ഉറപ്പായപ്പോൾ തന്നെ, പ്രസന്റേഷൻ സ്റ്റേജിൽ ഇന്ത്യൻ താരങ്ങൾ എത്താൻ തയ്യാറായില്ല. നായകൻ സൂര്യകുമാർ യാദവ് മത്സരത്തിന് മുമ്പുതന്നെ വ്യക്തമാക്കിയ നിലപാടിൽ ഉറച്ചുനിന്നു.
പാക് താരങ്ങൾക്ക് വ്യക്തിഗത മെഡലുകൾ വിതരണം ചെയ്ത ശേഷമാണ് പരിപാടി മുന്നോട്ടുപോയത്. റണ്ണേഴ്സ് അപ്പ് ചെക്ക് ഏറ്റുവാങ്ങിയ പാക് ക്യാപ്റ്റൻ സൽമാൻ ആഗ അവതാരകനായ സൈമൺ ഡള്ളുമായി സംസാരിച്ചു. എന്നാൽ ഇന്ത്യൻ താരങ്ങൾ വേദിയിൽ എത്തിയത് വ്യക്തിഗത പുരസ്കാരങ്ങൾക്കുവേണ്ടിയാണ്. പ്ലെയർ ഓഫ് ദ മാച്ച് തിലക് വർമ്മ, വാല്യുവബിള്‍ പ്ലെയർ കുല്‍ദീപ് യാദവ്, പ്ലെയർ ഓഫ് ദ ടൂർണമെന്റ് അഭിഷേക് ശർമ്മ എന്നിവർ ക്യാഷ് അവാർഡ് ഏറ്റുവാങ്ങി. ഇവരാരും വേദിയിൽ ഉണ്ടായിരുന്ന നഖ്‌വിയെ അഭിനന്ദിക്കുകയോ കൈകുലുക്കുകയോ ചെയ്തില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ ടീമംഗങ്ങൾ മെഡലോ ട്രോഫിയോ സ്വീകരിക്കാതെ ചടങ്ങിൽ നിന്ന് മാറി നിന്നപ്പോൾ, സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകർ “ഭാരത് മാതാ കീ ജയ്” “ഇന്ത്യ.. ഇന്ത്യ” എന്ന മുദ്രാവാക്യം മുഴക്കി. ട്രോഫി കൈമാറാതെയാണ് ചടങ്ങ് അവസാനിച്ചതെന്ന് പ്രഖ്യാപിച്ച ശേഷം മാത്രമാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ താരങ്ങൾ വേദിയിലെത്തി ട്രോഫിയില്ലാതെ ആഹ്ലാദപ്രകടനം നടത്തിയത്.സംഭവം മുഴുവൻ അവസാനിപ്പിച്ചത് ട്രോഫി ഇന്ത്യക്കു കൈമാറാതെ നഖ്‌വി കൊണ്ടുപോയതോടെയാണ്.


