അർജുന് വേണ്ടി സുപ്രീം കോടതിയില്‍ ഹർജി; സൈന്യം എത്തുന്നത് വൈകും 

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചില്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി.അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹർജി നല്‍കിയത്. കർണാടക സർക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഹർജിയില്‍ പറയുന്നു. ദൗത്യം സൈന്യത്തെ ഏല്‍പ്പിച്ച്‌ രാവും പകലും ഇല്ലാതെ രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നല്‍കണമെന്നും ഹർജിയിലുണ്ട്. അതേസമയം, ബെലഗാവിയില്‍നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക് എത്തുന്നത് വൈകുമെന്നാണ് അറിയുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടുകൂടി മാത്രമേ കരസേന ഇവിടേക്ക് എത്തൂ. നേരത്തേ രാവിലെ പത്തുമണിയോടെ സൈന്യം എത്തുമെന്നായിരുന്നു സൂചന. ഗംഗാവാലി പുഴയില്‍ വീണ്ടും തിരച്ചില്‍ നടത്താൻ നേവിയുടെ പ്രത്യേക സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്. പുതിയ ബോട്ടുകളടക്കം ലോറിയില്‍ എത്തിച്ചു.  മണ്ണിടിച്ചിലുണ്ടായി ആറാംദിവസം രക്ഷാദൗത്യം ഊർജിതമായി തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ചിട്ടുമുണ്ട്. കഴിഞ്ഞദിവസങ്ങളേക്കാള്‍ കൂടുതല്‍ ടിപ്പർ ലോറികളും പ്രദേശത്തുണ്ട്. അധികം വാഹനങ്ങള്‍ എത്തിയതോടെ മണ്ണുമാറ്റുന്ന പ്രവൃത്തികള്‍ വേഗത്തിലായി. എന്നാല്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

Advertisements

Hot Topics

Related Articles