കുമരകം:പുതിയകാവ് ദേവീക്ഷേത്രത്തിൽ ഒൻപത് ദിവസമായി നടന്ന രണ്ടാം ദേവീഭാഗവത നവാഹയജ്ഞം ഇന്ന് സമാപിക്കും. ക്ഷേത്രം ഉപദേശകസമിതിയുടെ ആഭിമുഖ്യത്തിൽ ആദ്യമായി നടന്ന മൂന്ന് ദിവസത്തെ നവരാത്രി മഹോത്സവത്തിന് പിന്നാലെ, ഒക്ടോബർ രണ്ടിന് ആരംഭിച്ച നവാഹയജ്ഞം യജ്ഞാചാര്യൻ വേദാഗ്നി അരുൺ സൂര്യഗായത്രി മുഖ്യ കാർമ്മികത്വം വഹിച്ചു.യജ്ഞത്തിന് ശേഷം ഞായറാഴ്ച കൊടിമര ജീവോദ്ധ്വാസനത്തിന് (നിലവിലെ കൊടിമരം നീക്കം ചെയ്യുന്ന ചടങ്ങ്) തുടക്കം കുറിക്കും. മൂന്ന് ദിവസത്തെ കർമ്മങ്ങളെ തുടർന്ന് ചൊവ്വാഴ്ച ജീവോദ്ധ്വാസന ചടങ്ങുകൾ സമാപിക്കും.
ഇത് പല നൂറ്റാണ്ടിലൊരിക്കൽ മാത്രം കാണാൻ സാധിക്കുന്ന വിശിഷ്ടമായ കർമ്മങ്ങളാണ്.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ തന്ത്രി ഭദ്രകാളി മറ്റപ്പളളിമന നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. കൊടിമരത്തിലെ വാഹനം, ചെമ്പ് പറകൾ, അഷ്ടദിഗ് പാലകർ, പഞ്ചവർഗ്ഗ തറ എന്നിവ യഥാവിധി നീക്കം ചെയ്യപ്പെടുന്നു. കൊടിമരത്തിന്റെ പ്രാണൻ നീക്കം ചെയ്ത ശേഷം കൊടിമരം ദഹിപ്പിക്കും.ഞായറാഴ്ച വൈകീട്ട് കൊടിമരത്തിന്റെ ശുദ്ധിക്രിയകൾ നടക്കും. തിങ്കളാഴ്ച പ്രഭാത പൂജയ്ക്കൊപ്പം ബിംബശുദ്ധി, കലശാഭിഷേകം, ശ്രീഭൂതബലി, അനുജ്ഞപ്രാർത്ഥന എന്നിവ നടത്തപ്പെടും. ചൊവ്വാഴ്ച രാവിലെ ധ്വജത്തിന്റെ സംഹാരക്രിയകൾ നടക്കും,തുടർന്ന് ധ്വജം ദഹിപ്പിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു..പുതിയ കൊടിമരം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഭക്തർക്കായി കൊടിമരത്തിലെ ചെമ്പ് പറകൾ, അഷ്ടദിഗ് പാലകർ, പഞ്ചവർഗ്ഗ തറ എന്നിവ സമർപ്പിക്കാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.


