മലപ്പുറം: മലപ്പുറം താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി താനൂർ സി ഐ ടോണി ജെ മറ്റം മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ കോള്‍ റെക്കോർഡുകള്‍ വിശദമായി പരിശോധിക്കുകയാണ്. ഒരു നമ്പറില്‍ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോള്‍ വന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ടവർ ലൊക്കേഷൻ നിലവില്‍ കോഴിക്കോടാണ്. കുട്ടികളുടെ ഫോണിലേക്ക് വന്ന കോള്‍ എടവണ്ണ സ്വദേശിയുടെ പേരില്‍ രജിസ്റ്റർ ചെയ്ത സിംകാർഡില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പറിന്‍റെ ടവർ ലൊക്കേഷൻ നിലവില്‍ മഹാരാഷ്ട്രയാണെന്നും സിഐ ടോണി ജെ മറ്റം പറഞ്ഞു.
ഇന്നലെ കുട്ടികളുടെ മൊബൈല്‍ ടവര്‍ ലോക്കേഷൻ താനൂര്‍ റെയില്‍വെ സ്റ്റേഷനിലും കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലുമടക്കം കാണിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ഒരേ നമ്പറില്‍ നിന്ന് കുട്ടികള്‍ക്ക് വന്ന നമ്ബറിന്‍റെ ടവര്‍ ലോക്കേഷൻ മഹാരാഷ്ട്രയിലാണെങ്കിലും കുട്ടികളെ കാണാതായതും ഇതുമായും ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ വ്യക്തമല്ല. കുട്ടികളുടെ ഫോണിലേക്ക് വന്ന നമ്ബറുകളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. കുട്ടികളുടെ ഫോണ്‍ കോഴിക്കോട് വെച്ചാണ് സ്വിച്ച് ഓഫ് ആയത്. കോഴിക്കോട് തന്നെയുണ്ടാകുമെന്ന രീതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും സിഐ ടോണി ജെ മറ്റം പറഞ്ഞു.