തിരുവല്ല തിരുമൂലപുരത്ത് ക്നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമം നവംബർ എട്ടിനും ഒൻപതിനും ; അയ്യായിരത്തോളം വിശ്വാസികൾ പങ്കെടുക്കും: ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

കോട്ടയം: നവംബർ എട്ടിനും ഒൻപതിനുമായി തിരുവല്ല തിരുമൂല പുരത്ത് നടക്കുന്ന യുവജന സമാജത്തിൻ്റെ നേതൃത്വത്തിലുള്ള ക്നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമത്തിൻ്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. സംരക്ഷണത്തിൽ അയ്യായിരത്തോളം വിശ്വാസികളാണ് പങ്കെടുക്കുന്നത്. തിരുവല്ല തിരുമൂലപുരത്തെ എം.ഡി.എം കൺവൻഷൻ സെൻ്ററിൽ തയ്യാറാക്കിയ ഇട്ടിത്തൊമ്മൻ കത്തനാർ നഗറിലാണ് സംഗമം നടക്കുക. നവംബർ എട്ട് ശനിയാഴ്ച വൈകിട്ട് ആറിന് റാന്നിയിൽ നിന്നും കൊണ്ടു വരുന്ന പതാകയ്ക്കും, ചിങ്ങവനത്തു നിന്നും കൊണ്ടു വരുന്ന ഛായാചിത്രത്തിനും സമ്മേളന വേദിയിൽ സ്വീകരണം നൽകും. തുടർന്ന് പതാക ഉയർത്തൽ നടക്കും. വൈകിട്ട് ആറരയ്ക്ക് കേന്ദ്ര പ്രതിനിധി സമ്മേളനം നടക്കും. നവംബർ ഒൻപതിന് രാവിലെ വള്ളംകുളം മാർ ഏലിയാസ് തൃതീയൻ പള്ളിയിൽ രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, ഏഴിന് കുർബാന, രാവിലെ 10.30 മുതൽ തിരുമൂലപുരം എം.ഡി.എം കൺവൻഷൻ സെൻ്ററിൽ കലാമത്സരങ്ങൾ. ഉച്ചയ്ക്ക് രണ്ടിന് വനിതാ സമ്മേളനം നടക്കും.

Advertisements

മൂന്നിന് തിരുമൂലപുരം ടൌണിൽ നിന്നും സമ്മേളന നഗരിയിലേയ്ക്കു ഘോഷയാത്ര നടക്കും. സമ്മേളന നഗറിൽ ഘോഷയാത്ര പ്രവേശിക്കുമ്പോൾ കുരിശിൽ ആലാത്ത് കെട്ടി വിശ്വാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. 3.30 ന് വിശ്വാസ സംരക്ഷണ പൊതുസമ്മേളനം നടക്കും.
പരിശുദ്ധ പാർത്രിയാർക്കീസ് ബാവായുടെ പ്രതിനിധി സിറിയൻ ഓർത്തഡോക്സ് സഭയിലെ യൂത്ത് അഫയേഴ്സ് ആൻ്റ് ക്രിസ്ത്യൻ എഡ്യുക്കേഷൻ വികാരി ആർച്ച് ബിഷപ്പ് മോർ ആൻഡ്രൂസ് ബാഹി അനുഗ്രഹ പ്രഭാഷണം നടത്തും. ഇതര സമുദായത്തിലെ മെത്രോപ്പോലീത്താമാരും വൈദികരും പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കും. വൈകിട്ട് ഏഴിന് ചലച്ചിത്ര താരങ്ങൾ പങ്കെടുക്കുന്ന കലാസന്ധ്യയും പരിപാടിയുടെ ഭാഗമായി അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമ്മേളനത്തിൻ്റെ ഭാഗമായി വിപുലമായ പാർക്കിംങ് ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിന് എത്തുന്ന വാഹനങ്ങൾ സമീപത്തെ സ്കൂൾ മൈതാനത്ത് പാർക്ക് ചെയ്യാനുള്ള സൌകര്യമാണ് തയ്യാറാക്കിയിരിക്കുന്നത്. സമ്മേളനത്തിൻ്റെ ഭാഗമായി സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് വനിതാ സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കും. ഇതിൻ്റെ ഭാഗമായി സഭാ ചരിത്രം ചിത്രങ്ങളിലൂടെ എന്ന ചിത്രപ്രദർശനവും അരങ്ങേറും. സമാജം ബുക്ക് ഫെയർ 2025 ഉം പരിപാടിയുടെ ഭാഗമായി അരങ്ങേറും. ഇതിനോട് അനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തന രംഗത്തെ പ്രമുഖർക്കും, രണ്ട് ദശാബ്ദ കാലത്തിലധികം വൈദിക ശുശ്രൂഷ നടത്തിയ വൈദികരെയും മദ്ബഹാ ശുശ്രൂഷകരെയും, സഭാ അംഗങ്ങളായ ഗ്രന്ഥകർത്താക്കളെയും യോഗത്തിൽ ആദരിക്കും.
സഭയുടെ സത്യവിശ്വാസങ്ങൾക്കും പാരമ്പര്യത്തിനും വിരുദ്ധമായ കാര്യങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി സമുദായത്തിൽ നടക്കുന്നതായും ഇതിന് സമുദായ നേതൃത്വത്തിലുള്ള ചിലരുടെ പിൻതുണ ഉള്ളതായും കാണുന്നതായും ഇത്തരം നീക്കങ്ങൾ സമുദായത്തിൻ്റെ നിലനിൽപ്പിനെ ബാധിക്കുന്നതിനാൽ ഇതിനെതിരായുള്ള ചെറുത്തുനിൽപ്പിൻ്റെ ഭാഗമായാണ് തിരുമൂലപുരത്ത് വിശ്വാസ സംരക്ഷണ സംഗമം നടത്തുന്നതെന്ന് അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയ്ക്കു വേണ്ടി മുൻ സമുദായ സെക്രട്ടറി ഏലിയാസ് സഖറിയ പാറയിൽ, ഫാ. ജിബി ജോസഫ് പ്ളാത്തോട്ടം, അസോസിയേഷൻ അംഗം ടിനു എബ്രഹാം തോട്ടുപുറത്ത്, അനിൽ കിടങ്ങേറ്റ് പറമ്പിൽ , റെജി പഴയ പീടിയിൽ , പ്രമോദ് തുരുത്തേൽ , മനീഷ് ജോയി ഒഴുക്കൂത്ര എന്നിവർ പറഞ്ഞു.

ക്നാനായ സമുദായം പരിശുദ്ധ ആകമാന സുറിയാനി സഭയുടെ ഭാഗമായി തന്നെ തുടരുക, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനവുമായി ക്നാനായ സമുദായത്തിനുള്ള ബന്ധവും വിധേയത്വവും മാറ്റമില്ലാതെ തുടരുക, സമുദായത്തിലും വിവിധ പ്രസ്ഥാനങ്ങളിലും നിലനിൽക്കുന്ന വിഭാഗീയത അവസാനിപ്പിക്കുക, സമുദായത്തിൻ്റെ സമസ്ത മേഖലകളിലും സമാധാനവും സൌഹൃദവും സ്നേഹവും പുനസ്ഥാപിക്കുക, കേസുകൾ കൊടുത്തിട്ടുള്ള എല്ലാം കക്ഷികളും അവ പിൻവലിക്കുക, വൈദികരുടെ ഇടവകയിലെ പ്രവർത്തനങ്ങൾ ആറുമാസത്തിലൊരിക്കൽ നിരീക്ഷിക്കു, ആവശ്യമെങ്കിൽ വേണ്ട നിർദേശങ്ങൾ നൽകുന്നതിനുള്ള ക്രമീകരങ്ങൾ ഫലപ്രദമായി നടപ്പാക്കുക, പരിശുദ്ധ പാത്രിയർക്കീസ് ബാവയെയും മെത്രാപ്പോലീത്താമാരെയും വൈദികരെയും അപകീർത്തിപ്പെടുത്തുന്നവരുടെ മേൽ നിയമാനുസരണമായ നടപടികൾ സ്വീകരിക്കുക, സുവിശേഷ സമാജത്തിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുക, വൈദികർക്കും, ശുശ്രൂഷകർക്കും, സുവിശേഷകർക്കും നൽകുന്ന അലവൻസുകൾ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഗമം മുന്നോട്ട് വയ്ക്കുന്നുണ്ടെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

Hot Topics

Related Articles