തിരുവനന്തപുരം :വിഴിഞ്ഞം മുക്കോലയിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ ബോംബ് ഭീഷണിയെത്തി ആശങ്ക പരത്തിയ സംഭവത്തിൽ ഭീഷണി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ ബാങ്കിന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിലേക്കാണ് സംശയാസ്പദമായ സന്ദേശം എത്തിയത്.പത്തുമണിയോടെ ബാങ്ക് പ്രവർത്തനം ആരംഭിച്ചപ്പോൾ മാനേജർ സന്ദേശം കണ്ടതോടെയാണ് ഭീഷണിയുടെ വിവരം ജീവനക്കാരിൽ അറിയിച്ചത്. തുടർന്ന് ജീവനക്കാർ പരിഭ്രാന്തരായി പുറത്തിറങ്ങി. വിവരം ലഭിച്ചതോടെ വിഴിഞ്ഞം പൊലീസ്, ബോംബ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി ബാങ്കിലും പരിസരങ്ങളിലും സമഗ്രമായ പരിശോധന നടത്തി.
ബാങ്കിന് മുകളിൽ പ്രവർത്തിക്കുന്ന, വിഴിഞ്ഞം പോർട്ടിലേക്ക് ചരക്കുനീക്കം നടത്തുന്ന സ്വകാര്യ ഷിപ്പിംഗ് കമ്പനിയുടെ ഓഫീസിലും ബോംബ് സ്ക്വാഡിന്റെ പരിശോധന നടന്നു. രാവിലെ പത്തരയോടെ ബാങ്ക് പൊട്ടിത്തെറിക്കാമെന്നായിരുന്നു ഭീഷണി സന്ദേശത്തിലെ മുന്നറിയിപ്പ്.എന്നാൽ മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കൊടുവിൽ യാതൊരു സംശയകരമായ വസ്തുക്കളും കണ്ടെത്താതിരുന്നതിനാൽ ഭീഷണി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. എൽടിടിഇ പരാമർശങ്ങൾ മുതൽ തമിഴ്‌നാട് രാഷ്ട്രീയവുമായി ബന്ധമുള്ള പരസ്പരം ബന്ധമില്ലാത്ത കാര്യങ്ങളാണ് സന്ദേശത്തിൽ ഉണ്ടായിരുന്നതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.


