തിരുവനന്തപുരം:തിരുവനന്തപുരത്തെ കല്ലടിമുഖത്ത് പ്രവർത്തിക്കുന്ന നഗരസഭയുടെ ‘സായാഹ്നം’ വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. വൃദ്ധസദനത്തിലെ ജീവനക്കാരായ മായ, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. അടുക്കളയിൽ ഗ്യാസ് സിലിണ്ടർ മാറ്റിവയ്ക്കുന്നതിനിടെ സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർച്ച ഉണ്ടാകുകയും തുടർന്ന് തീ പടരുകയുമായിരുന്നു. ഇതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസമയത്ത് വൃദ്ധസദനത്തിൽ 41 അന്തേവാസികളും പത്ത് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരെയും സമയബന്ധിതമായി സുരക്ഷിതമായി പുറത്തേക്ക് മാറ്റിയതിനാൽ അന്തേവാസികൾക്ക് ആർക്കും പരിക്കേറ്റില്ല.പൊട്ടിത്തെറിയിൽ വൃദ്ധസദനത്തിലെ അടുക്കള പൂർണമായും തകർന്ന നിലയിലാണ്. ഇതോടെ അടുക്കള പ്രവർത്തനരഹിതമായതിനാൽ, അന്തേവാസികൾക്ക് ആവശ്യമായ ഭക്ഷണം നേരിട്ട് എത്തിച്ചുനൽകുമെന്ന് തിരുവനന്തപുരം നഗരസഭ അറിയിച്ചു.


