ട്രെയിനുകളിലെ അതിക്രമം: റെയിൽവേ മന്ത്രിയെ കണ്ട് ആശങ്ക അറിയിച്ചു – വർക്കല സംഭവത്തിൽ റെയിൽവേ മന്ത്രാലയം അടിയന്തര റിപ്പോർട്ട് തേടിയതായി കൊടിക്കുന്നിൽ സുരേഷ് എംപി.

തിരുവനന്തപുരം : റെയിൽ യാത്രികരുടെയും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ഗൗരവമായ വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. വർക്കലയിൽ സ്ത്രീയാത്രികയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ടതുമായി ബന്ധപ്പെട്ട അതിക്രമസംഭവം അതീവ ഗൗരവമുള്ളതാണെന്നും ഈ സംഭവം റെയിൽവേയിലെ സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതരമായ വീഴ്ചകളെ വെളിപ്പെടുത്തുന്നുവെന്നും എം.പി. ശ്രദ്ധപ്പെടുത്തി.

Advertisements

സംഭവത്തെ തുടർന്ന് റെയിൽവേ മന്ത്രിയെ നേരിൽ കണ്ട കൊടിക്കുന്നിൽ സുരേഷ് എംപി ട്രെയിനുകളിൽ ഉയർന്നുവരുന്ന ആക്രമണങ്ങളെ സംബന്ധിച്ചുള്ള തന്റെ ആശങ്ക അറിയിച്ചു. സംഭവത്തിന്റെ സമഗ്രമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനുമാണ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. ഇതോടൊപ്പം ട്രെയിനുകളിലും സ്റ്റേഷനുകളിലും പ്രത്യേകിച്ച് രാത്രിസമയങ്ങളിൽ സുരക്ഷ ശക്തിപ്പെടുത്താനുള്ള നടപടികളും ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ സി സി ടി വി ക്യാമറകൾ, പെട്രോളിംഗ് സംവിധാനം, സ്ത്രീകൾക്കായി ഹെൽപ്ലൈൻ സംവിധാനങ്ങൾ, RPF- GRP സംയുക്ത നിരീക്ഷണം എന്നിവ ശക്തിപ്പെടുത്തണമെന്ന് എം.പി. നിർദ്ദേശിച്ചു.

തുടർന്ന് റെയിൽവേ മന്ത്രാലയം ദക്ഷിണ റെയിൽവേ ജനറൽ മാനേജരോട് വർക്കലയിൽ പെൺകുട്ടിക്ക് നേരെ നടന്ന വധശ്രമത്തിൽ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു.

നിലവിൽ റെയിൽവേ സംരക്ഷണ സേന (ആർ പി എഫ് ) അംഗബലം കുറവാണ്. അതുപോലെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള റെയിൽവേ പോലീസ് (GRP) അംഗങ്ങളുടെ എണ്ണവും കുറവാണ്. ഇത് അടിയന്തരമായി പരിഹരിക്കണം. കേരളത്തിലൂടെ കടന്നുപോകുന്ന ദീർഘദൂര ട്രെയിനുകളിലും പാസഞ്ചർ, മെമു ട്രെയിനുകളിലും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നടപടികൾ ഉടൻ സ്വീകരിക്കണമെന്നും എം.പി. മന്ത്രിയോട് ആവശ്യപ്പെട്ടു.

“റെയിൽവേ യാത്ര ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. സ്ത്രീകൾ ഉൾപ്പെടെ എല്ലാ യാത്രക്കാരും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന അന്തരീക്ഷം ഉറപ്പാക്കുന്നത് മന്ത്രാലയത്തിന്റെ ചുമതലയാണ്,” കൊടിക്കുന്നിൽ സുരേഷ് എം.പി. പ്രസ്താവനയിൽ വ്യക്തമാക്കി.

Hot Topics

Related Articles