മൂന്നാർ: വിനോദസഞ്ചാര സീസൺ ആരംഭിച്ച മൂന്നാറിൽ സഞ്ചാരികൾക്കെതിരായ ആക്രമണങ്ങൾ വീണ്ടും ആവർത്തിക്കുന്നു. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ മാത്രം മൂന്നോളം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. താമസ സൗകര്യം ആവശ്യപ്പെട്ടെത്തിയ കുടുംബം മുറി എടുക്കാത്തതിനെത്തുടർന്ന് യുവാക്കളുടെ മർദനത്തിന് ഇരയായ സംഭവമാണ് പുതിയതായി പുറത്തുവന്നത്.തൃക്കാക്കര വടകോട് കുറുന്തോട്ടം സ്വദേശികളായ ആദിൽ മുഹമ്മദ്, ഭാര്യ ഷിജിമോൾ, മകൻ സുബിൻ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ നിലവിൽ ടാറ്റാ ടീ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം തിങ്കളാഴ്ച രാത്രി 11.30ഓടെ പഴയ മൂന്നാർ സിഎസ്ഐ പളളിക്ക് സമീപം നടന്നു. രാത്രി ടൗണിലെത്തിയ ഇവർ താമസത്തിനായി മുറി അന്വേഷിക്കുമ്പോൾ, ടൗണിലെ ഒരു ഗൈഡ് ഇവരെ കോളനിയിലേക്കു കൊണ്ടുപോയി. ദൂരെയായതിനാൽ മുറി വേണ്ടെന്ന് പറഞ്ഞ് കുടുംബം തിരിച്ചുപോയി. ഇതിൽ പ്രകോപിതനായ ഗൈഡ് സംഘത്തോടൊപ്പം തിരിച്ചെത്തി, വാഹനം പാതയോരത്ത് നിർത്തിയെന്നാരോപിച്ച് വാക്കുതർക്കത്തിൽ ഏർപ്പെടുകയും, പിന്നീട് സമീപത്തെ തട്ടുകടയിൽ നിന്നു കസേര എടുത്ത് ആദിലിനെയും കുടുംബാംഗങ്ങളെയും മർദിക്കുകയുമായിരുന്നു.പരാതിയെ തുടർന്ന് മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആക്രമണങ്ങൾ പതിവാകുന്നു,ഭയന്ന് പരാതിയില്ലാതെ മടങ്ങുന്ന സഞ്ചാരികൾ
വിനോദ സഞ്ചാര സീസൺ തുടങ്ങിയതോടെ മൂന്നാറിൽ സഞ്ചാരികളെതിരായ ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി പതിനഞ്ചിലധികം സഞ്ചാരികൾ മർദനത്തിന് ഇരയായി. ലക്ഷങ്ങൾ വിലവരുന്ന രണ്ട് വാഹനങ്ങളും തകർത്തു. വാഹനങ്ങൾ ഉരസിയതും പാതയോരത്ത് മൂത്രമൊഴിച്ചതുമായിരുന്നു ചില സംഭവങ്ങളിലെ ‘കാരണം’.ടോപ് സ്‌റ്റേഷനിൽ മർദനത്തിനിരയായ ചിലർ പരാതി നൽകാതെയാണ് സ്ഥലം വിട്ടത്. കഴിഞ്ഞ വർഷത്തെ സീസണിൽ മാത്രം ചെറുതും വലുതുമായി പതിനഞ്ചിലധികം ആക്രമണങ്ങൾ നടന്നുവെങ്കിലും ഭൂരിഭാഗം കേസുകളും പരാതിയില്ലാതെ അവസാനിച്ചതായി പൊലീസ് സൂചിപ്പിക്കുന്നു.ഒരു വിഭാഗം യുവാക്കളുടെ ഇത്തരത്തിലുള്ള അക്രമങ്ങൾ പതിവാകുന്നതോടെ, സഞ്ചാരികളും ടാക്സി ഡ്രൈവർമാരും ഇപ്പോൾ മൂന്നാറിനെ ഒഴിവാക്കി ആനച്ചാൽ, ചിന്നക്കനാൽ, തോക്കുപാറ, കല്ലാർ, ബൈസൺവാലി, ചിത്തിരപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് തിരിയുന്നുവെന്നാണ് റിപ്പോർട്ട്. ഇത് മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്.


