ഹാക്കർമാരുടെ ആക്രമണം:യുകെ ജിഡിപിയിൽ വൻ ഇടിവ്;പ്രവചനങ്ങളും തെറ്റിച്ച് യുകെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലേക്ക്

ലണ്ടൻ:ഹാക്കർമാരുടെ സൈബർ ആക്രമണം ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ തകർക്കുമോ എന്ന ചോദ്യത്തിന് യുകെയിൽ നിന്നാണ് ഇപ്പോൾ വ്യക്തമായ മറുപടി ലഭിക്കുന്നത്. സെപ്റ്റംബർ മാസത്തിൽ യുകെയുടെ ജിഡിപി വളർച്ച 0.1 ശതമാനത്തേക്ക് ഇടിഞ്ഞു. ഹാക്കിംഗ് മൂലം വാഹന നിർമ്മാണ മേഖലയ്ക്ക് നേരിട്ട വലിയ തിരിച്ചടിയാണ് സമ്പദ്‌വ്യവസ്ഥയെ ബാധിച്ചത്.ജൂലൈ-സെപ്റ്റംബർ പാദത്തെ വളർച്ചയും തളർച്ചയിലായിരുന്നു. ഏപ്രിൽ-ജൂൺ പാദത്തിലെ 0.3 ശതമാനത്തിൽ നിന്ന് 0.1 ശതമാനമായി വളർച്ച കുറഞ്ഞു. വിശകലനങ്ങൾ പ്രവചിച്ചിരുന്ന 0.2 ശതമാനത്തിലേക്കും വളർച്ച ഉയർന്നെത്തിയില്ല.

Advertisements

ജൂലൈയിൽ യുകെ ജിഡിപി 0.1 ശതമാനം ഇടിഞ്ഞിരുന്നു. ഓഗസ്റ്റിൽ വളർച്ചയോ ഇടിവോ ഉണ്ടായിരുന്നില്ല.സെപ്റ്റംബറിൽ ഉൽപാദനമേഖലയിലെ വളർച്ച 2 ശതമാനം കുറഞ്ഞു. ഇതിൽ നിർണ്ണായകമായ പങ്കുവഹിച്ചത് വാഹന നിർമ്മാണ മേഖലയിലെ 28.6 ശതമാനത്തിന്റെ വൻ ഇടിവാണ്. പ്രമുഖ ആഡംബര വാഹന നിർമ്മാതാക്കളായ ജാഗ്വർ ലാൻഡ് റോവറിന്റെ (ജെഎൽആർ) പല പ്ലാൻ്റുകളും ഹാക്കിംഗ് ആക്രമണത്തെ തുടർന്ന് ഒരു മാസത്തോളം അടച്ചിടേണ്ടി വന്നതാണ് പ്രധാന കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദിവസേന ഏകദേശം 1,000 കാറുകൾ നിർമിക്കുന്ന പ്ലാൻ്റുകളുടെ പ്രവർത്തനം നിലച്ചത് ജിഡിപിയിൽ നേരിട്ടുള്ള ആഘാതമുണ്ടാക്കി. വാഹന നിർമ്മാണവുമായി ബന്ധപ്പെട്ട നിർണായക സോഫ്റ്റ്‌വെയറിലാണ് ഹാക്കർമാർ ഇടപെട്ടത്. പ്രതിസന്ധി മറികടക്കാൻ 1.5 ബില്യൺ പൗണ്ട് (ഏകദേശം 17,500 കോടി) വായ്പസഹായം നൽകാൻ യുകെ സർക്കാർ നിർബന്ധിതരായി.ട്രംപ് ഭരണകൂടം ചുമത്തിയ കനത്ത തീരുവയുടെ പശ്ചാത്തലത്തിൽ യുഎസിലേക്കുള്ള യുകെയുടെ കയറ്റുമതിയും സെപ്റ്റംബറിൽ 11.4 ശതമാനം കുറഞ്ഞു.

2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.ജിഡിപി വീഴ്ച തൊഴിൽ വിപണിയിലും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാണ്. ഡിസംബർ പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനത്തിന് മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. ഡിസംബറിൽ ബ്രിട്ടീഷ് സർക്കാർ ബജറ്റ് അവതരിപ്പിക്കാനിരിക്കെ, സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്ന പദ്ധതികൾ പ്രഖ്യാപിക്കേണ്ട നിർബന്ധിതാവസ്ഥയിലേക്ക് സർക്കാർ തള്ളപ്പെടുന്നുണ്ട്.ഇതിനിടെ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്കുകൾ കുറയ്ക്കാനാണെന്നും പ്രതീക്ഷ.

Hot Topics

Related Articles