യുഎസ് ഡ്രോണ്‍ വെടിവച്ചിട്ട് ഹൂതികൾ; യുകെ എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം

സന: ഹൂതികള്‍ യുഎസ് ഡ്രോണ്‍ വെടിവച്ചിട്ടതായി റിപ്പോർട്ട്. യുകെയുടെ എണ്ണക്കപ്പൽ ലക്ഷ്യമാക്കിയുള്ള മിസൈൽ ആക്രമണത്തിൽ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു. ബ്രിട്ടീഷ് എണ്ണക്കപ്പലായ ആൻഡ്രോമിഡ സ്റ്റാറിനു നേരെയുള്ള ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഹൂതികളുടെ സൈനിക വക്താവ് യഹ്യ സരി ഏറ്റെടുത്തു. കപ്പലിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും തടസ്സമില്ലാതെ യാത്ര തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. 

അമേരിക്കൻ സേനയുടെ എം ക്യു- 9 എന്ന റീപ്പർ ഡ്രോണ്‍ തകർത്തതെന്ന യഹ്യയുടെ അവകാശവാദത്തോട്  യുഎസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ യെമനിൽ യുഎസ് ഡ്രോണ്‍ തകർന്നതായി അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഗാസയിലെ സംഘർഷം ആരംഭിച്ചതിന് ശേഷം ഹൂതികൾ വെടിവെച്ചിട്ട മൂന്നാമത്തെ യുഎസ് ഡ്രോണാണിത്. കഴിഞ്ഞ നവംബർ, ഫെബ്രുവരി മാസങ്ങളിലാണ് ഇതിനു മുൻപ് ഡ്രോണ്‍ തകർത്തത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എം വി ആൻഡ്രോമിഡ സ്റ്റാർ എന്ന എണ്ണക്കപ്പലിന് നേരെ രണ്ടു തവണ ആക്രമണം നടന്നതായി  യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചു, യെമനിലെ അൽ-മുഖയ്ക്ക് (മോച്ച) സമീപമാണ് ആൻഡ്രോമിഡ സ്റ്റാർ ആക്രമിക്കപ്പെട്ടത്. ആദ്യത്തെ സ്ഫോടനം കപ്പലിന് അടുത്തായി സംഭവിച്ചു. തുടർന്ന് മിസൈൽ ആക്രമണത്തിൽ കപ്പലിന് കേടുപാട് സംഭവിച്ചു. 

ഏദൻ കടലിടുക്കിൽ ഇസ്രയേലി കപ്പൽ എംഎസ്‌സി ഡാർവിനെ ലക്ഷ്യമിട്ടെന്നും ഇസ്രയേൽ തുറമുഖ നഗരമായ എയ്‌ലാറ്റിൽ മിസൈലുകൾ തൊടുത്തെന്നും ഹൂതികള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. അതിനു മുൻപ് യുഎസ് പതാകയുള്ള മെഴ്‌സ്‌ക് യോർക്ക്‌ടൗണും ഇസ്രയേലുമായി ബന്ധമുള്ള എംഎസ്‌സി വെരാക്രൂസും ആക്രമിച്ചു. കൂടുതൽ ആക്രമണം നടത്തുമെന്ന് ഹൂതി തലവൻ അബ്ദുൽ-മാലിക് അൽ-ഹൂത്തി വ്യക്തമാക്കിയിരുന്നു. ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പിന്മാറുമെന്നും വ്യക്തമാക്കി. 

Hot Topics

Related Articles