ന്യൂഡൽഹി:യുഎസുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ബോംബാക്രമണം. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെ രാജ്യത്തെ ഏഴിടങ്ങളിലായി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ 1.50ഓടെയായിരുന്നു ആക്രമണം.തലസ്ഥാനമായ കാരക്കാസ്, മിറാണ്ട, അറാഹുവ, ലാഗുവൈറെ എന്നീ സംസ്ഥാനങ്ങളിലാണ് സ്ഫോടനങ്ങൾ ഉണ്ടായത്. സ്ഫോടനങ്ങൾക്ക് പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ആക്രമണത്തിന് പിന്നാലെ രാജ്യത്ത് പ്രസിഡന്റ് നിക്കോളാസ് മഡൂറോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സ്ഫോടനങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന ആരോപണമാണ് വെനസ്വേല ഉന്നയിക്കുന്നത്. എന്നാൽ ആക്രമണത്തെക്കുറിച്ച് അമേരിക്ക ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.വെനസ്വേലയ്ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ സർക്കാരിനെതിരെ യുഎസ് ഭരണകൂടം കടുത്ത നടപടികൾ സ്വീകരിച്ചുവരുന്ന സാഹചര്യത്തിലാണ് ബോംബാക്രമണം നടന്നിരിക്കുന്നത്.രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര യോഗങ്ങൾ വിളിച്ചുചേർത്തിട്ടുണ്ടെന്നും കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.


