ആലപ്പുഴ: ഉസ്ബകിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി. ശശികല. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭാതം വീട്ടിൽ ബസന്തിന്‍റെ മകൾ സാവരിയെ (22) കൊന്നത് അതിക്രൂരമായിട്ടാണ്. കേസ് അട്ടിമറിക്കപ്പെടുമോയെന്ന സംശയമുണ്ട്. സാവരിയുടെ ബന്ധു എത്തിയപ്പോൾ തെളിവുകൾ എല്ലാം നശിപ്പിച്ചിരുന്നു. തൊണ്ടി മുതലായ ലാപ്ടോപും ധരിച്ച വസ്ത്രവും അടക്കമുളള സാധനങ്ങൾ കേരളത്തിലെത്തി. പെൺകുട്ടിയുടെ പിതാവ് രണ്ടുദിവസം വീഡിയോകോൾ ചെയ്തിട്ടും ടെസ്റ്റ് മെസേജ് മാത്രമാണ് അയച്ചത്. മലപ്പുറം സ്വദേശിയായ പ്രതിയുടെ മാതാവ് പലപ്രാവിശ്യം പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. അത് എന്തിന് വേണ്ടിയാണെന്ന് വ്യക്തമാക്കണം. മതംമാറാൻ നിർബന്ധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം.
വിദേശരാജ്യങ്ങളിൽ മെഡിക്കൽ വിദ്യാർഥികളെ കൊണ്ടുപോകുന്ന റിക്രൂട്ട്മെന്റ് ഏജൻസിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിക്കണം. പത്രങ്ങളിൽ വ്യത്യസ്തരീതിയിൽ പരസ്യം നൽകിയാണ് റിക്രൂട്ട്മെന്റ്. വിദേശരാജ്യത്തെ അന്വേഷണത്തിൽ കേന്ദ്രസർക്കാറിന്‍റെ ഇടപെടൽവേണമെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഹിന്ദു ഐക്യവേദി ജില്ലജനറൽസെക്രട്ടറി എസ്. ചന്ദ്രശേഖരൻ, സംസ്ഥാനസമിതിയംഗം ശശികുമാർ, മഹിള ഐക്യവേദി ജില്ല ജനറൽസെക്രട്ടറി അംബിക സോമൻ എന്നിവർ പങ്കെടുത്തു.


