ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ ശക്തമാകുന്നതിനിടെ, അദ്ദേഹത്തെ ചേർത്തുപിടിക്കാനുള്ള നീക്കവുമായി ബിജെപി നേതൃത്വം രംഗത്തെത്തി. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ വെള്ളാപ്പള്ളിയുടെ വസതിയായ കണിച്ചുകുളങ്ങരയിലെത്തി അദ്ദേഹവുമായി വിശദമായ ചർച്ച നടത്തി.ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളോടൊപ്പം എത്തിയ ജാവഡേക്കർ, ഉച്ചവരെ വെള്ളാപ്പള്ളിയോടൊപ്പം സമയം ചെലവഴിക്കുകയും അടച്ചിട്ട മുറിയിൽ രഹസ്യ ചർച്ച നടത്തുകയും ചെയ്തു. വെള്ളാപ്പള്ളി നടേശൻ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകൾക്ക് ബിജെപി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതായാണ് വിവരം. ഈ കൂടിക്കാഴ്ച രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
അതേസമയം, വെള്ളാപ്പള്ളിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ സമസ്ത കാന്തപുരം വിഭാഗം ശക്തമായ ഭാഷയിൽ പ്രതികരിച്ചു. വർഗീയ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളിയെ തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും, ഇത് ക്രമസമാധാന പ്രശ്നമായി കണ്ട് അടിയന്തര തീരുമാനമെടുക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു. വിഷയത്തിൽ മറുപടി നൽകേണ്ടത് സർക്കാരാണെന്നും അവർ വ്യക്തമാക്കി.ഇതിനിടെ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സർക്കാരിനും വെള്ളാപ്പള്ളിക്കുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളാപ്പള്ളി തന്റെ പരാമർശങ്ങൾ തിരുത്തിയില്ലെങ്കിൽ തിരുത്തേണ്ടതില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ തിരഞ്ഞെടുപ്പിലും വർഗീയതയെ താലോലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പാർലമെന്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിച്ച സർക്കാർ, തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വർഗീയതയെ വളർത്താനാണ് ശ്രമിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.


