ന്യൂഡൽഹി : ഇൻഡോറില്‍ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയെങ്കിലും വിരാട് കോഹ്ലിയുടെ തകർപ്പൻ പ്രകടനം ക്രിക്കറ്റ് ലോകത്തിന് ആവേശമായി.338 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി മറ്റു മുൻനിര താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 108 പന്തില്‍ നിന്ന് 124 റണ്‍സ് നേടി കോഹ്ലി ഒറ്റയാള്‍ പോരാട്ടം നടത്തി.
ഈ ഇന്നിങ്സിനിടെ മൈതാനത്ത് വെച്ച് കോഹ്ലി ഒരു കറുത്ത ദ്രാവകം കുടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിതുറന്നു. ചെറിയ ഗ്ലാസില്‍ ആ പാനീയം കുടിച്ച ശേഷം കോഹ്ലി അല്പം അസ്വസ്ഥത പ്രകടിപ്പിക്കുന്നതും തുടർന്ന് വെള്ളവും പഴവും കഴിക്കുന്നതും വീഡിയോയില്‍ കാണാം. കായികതാരങ്ങള്‍ പേശിവേദനയും ശരീരത്തിലെ ക്രാമ്പുകളും ഒഴിവാക്കാൻ ഉപയോഗിക്കുന്ന പിക്കിള്‍ ജ്യൂസാണ് ഇതെന്ന് പിന്നീട് റിപ്പോർട്ടുകള്‍ വന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ഇന്നിങ്സിലൂടെ ഒട്ടേറെ വിശ്വവിഖ്യാത റെക്കോർഡുകളും കോഹ്ലി തന്റെ പേരില്‍ കുറിച്ചു. ന്യൂസീലൻഡിനെതിരെ മാത്രം പത്ത് സെഞ്ച്വറികള്‍ തികച്ച കോഹ്ലി, കിവീസിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന പദവി സ്വന്തമാക്കി. ഇതിലൂടെ സച്ചിൻ തെണ്ടുല്‍ക്കർ, ജാക് കാലിസ് എന്നിവരുടെ റെക്കോർഡുകളാണ് താരം മറികടന്നത്. കൂടാതെ ഏകദിന ക്രിക്കറ്റില്‍ മൂന്നാം നമ്പറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റിക്കി പോണ്ടിങ്ങിന്റെ നേട്ടവും കോഹ്ലിക്ക് മുന്നില്‍ വഴിമാറി. 35 വ്യത്യസ്ത വേദികളില്‍ സെഞ്ച്വറി തികച്ചതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ സ്റ്റേഡിയങ്ങളില്‍ നൂറടിച്ച താരമെന്ന സച്ചിന്റെ റെക്കോർഡും ഇപ്പോള്‍ കോഹ്ലിക്ക് സ്വന്തമാണ്. 300 റണ്‍സിന് മുകളിലുള്ള സ്കോർ പിന്തുടരുമ്പോള് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോർഡും കോഹ്ലി ഈ പ്രകടനത്തിലൂടെ ഉറപ്പിച്ചു.


