വിസ്ഫോടന ശേഷിയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ഭീകരൻ ; ഗെയിലിനൊപ്പം കരുത്തുള്ള ചെറുപ്പം ; പക്ഷേ, ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാൻ ഇനിയും കാത്തിരിക്കണം 

ജയ്‌പൂർ: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ചർച്ചയായ താരമാണ് രാജസ്ഥാൻ റോയല്‍സിന്റെ 15കാരൻ വൈഭവ് സൂര്യവംശി. ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരെയടക്കം സിക്സർ പറത്തി തകർപ്പൻ ബാറ്റിംഗാണ് ഓരോ കളിയിലും കൗമാര താരം കാഴ്‌ച്ചവയ്ക്കുന്നത്. ഇപ്പോഴിതാ വൈഭവിനെക്കുറിച്ച്‌ മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് കൈഫും ഹർഭജൻ സിംഗും പങ്കുവച്ച തങ്ങളുടെ നിരീക്ഷണങ്ങളാണ് ശ്രദ്ധേയമാകുന്നത്. ജിയോഹോട്ട്സ്റ്റാറിന്റെ ‘ചാമ്പ്യൻസ് വാലി കമന്ററി’യില്‍ സംസാരിക്കവെ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് വൈഭവിന്റെ ബാറ്റിംഗിനെ വാനോളം പുകഴ്ത്തിയപ്പോള്‍ ബാറ്റിംഗില്‍ വൈഭവ് പുലിയാണെങ്കിലും ഇന്ത്യൻ ടീമില്‍ സ്ഥാനം നേടാൻ ഫീല്‍ഡിംഗിന്റെ കാര്യത്തിലും കൂടി മാറ്റം വരുത്തണമെന്നാണ് മുഹമ്മദ് കൈഫ് ഓർമ്മിപ്പിക്കുന്നത്.

Advertisements

’15ാം വയസില്‍ നേരിടുന്ന ആദ്യ പന്ത് മുതല്‍ എല്ലാ ബൗളർമാരെയും സിക്സടിക്കുന്ന ഒരു ബാറ്ററെ ഇതുവരെ എന്റെ കരിയറില്‍ ഞാൻ കണ്ടിട്ടില്ല. ക്രിസ് ഗെയ്‌ലിനെ ഒരുപാട് തവണ ഞാൻ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ വൈഭവ് വേറെ ലെവലാണ്. അവന്റെ ബാറ്റ് ഫ്‌ളോ ഞാൻ ഇന്നേവരെ ഒരു ബാറ്ററിലും കാണാത്ത കാര്യമാണ്.’- ഹർഭജൻ പറയുന്നു. താനാണ് വൈഭവിനെതിരെ ബൗള്‍ ചെയ്യുന്നതെങ്കില്‍ ക്രീസില്‍ നിന്ന് പുറത്തിറങ്ങി അടിക്കാൻ അനുവദിക്കുമെന്നും, എന്നാല്‍ ക്രീസിനുള്ളില്‍ നിന്നുകൊണ്ട് വലിയ ഷോട്ടുകള്‍ അടിക്കാൻ പാകത്തിലുള്ള പന്തുകള്‍ എറിഞ്ഞു കൊടുക്കില്ലെന്നും ഹർഭജൻ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡർമാരിലൊരാളായ മുഹമ്മദ് കൈഫ്, വൈഭവിന്റെ ബാറ്റിംഗ് മികവിനെ അംഗീകരിച്ചുകൊണ്ടു തന്നെയാണ് താരത്തിന്റെ ഫീല്‍ഡിംഗിനെക്കുറിച്ചും വിമർശിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ താരം കൈവിട്ട ഒരു ക്യാച്ചിനെ ചൂണ്ടിക്കാണിച്ചായിരുന്നു കൈഫിന്റെ പ്രതികരണം.

‘ഇന്ത്യൻ ടീമിനായി കളിക്കണമെങ്കില്‍ വൈഭവ് തന്റെ ഫീല്‍ഡിംഗ് മെച്ചപ്പെടുത്തിയേ തീരൂ. ഇതുവരെ അവൻ ഒരു ക്യാച്ച്‌ എടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഡല്‍ഹി താരം സാഹില്‍ പരീഖ് അടിച്ച പന്ത് കൃത്യമായ ഉയരത്തിലാണ് വൈഭവിന്റെ അടുത്തെത്തിയത്. ശരിയായ ദിശയില്‍ പന്ത് എത്തിയിട്ടും ആ ക്യാച്ച്‌ പാഴാക്കി. അവിടെ ചാടേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. അരക്കെട്ടിന് നേരെ വന്ന പന്ത് സാധാരണ രീതിയില്‍ എടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.’ കൈഫ് ചൂണ്ടിക്കാണിച്ചു. ബാറ്റിംഗ് മികവ് നോക്കി താരങ്ങളെ തിരഞ്ഞെടുക്കുന്ന സ്‌കൗട്ടുകള്‍ ഇനി മുതല്‍ താരങ്ങള്‍ക്ക് ഫീല്‍ഡിംഗ് ടെസ്റ്റ് കൂടി നടത്തണമെന്നും കൈഫ് കൂട്ടിച്ചേർത്തു.

Hot Topics

Related Articles