വീണ്ടും കളിക്കളത്തിൽ വിവേചനം: സോമാലിയൻ റഫറിക്ക് വിസ നിഷേധിച്ച് അമേരിക്ക

വിവേചനങ്ങള്‍, അതൊരു യാഥാര്‍ത്ഥ്യമാണ്. അതിന് പല മുഖങ്ങളുണ്ടാകാം, ജാതി, മതം, നിറം, പേര്, ശരീരം, ജീവിതപശ്ചാത്തലം, രാജ്യം, ഭുഖണ്ഡം…അങ്ങനെ തീരാത്തൊരു പട്ടികതന്നെയുണ്ട്. മനുഷ്യരാല്‍ നിര്‍മ്മിക്കപ്പെട്ട്, മനുഷ്യര്‍ തന്നെ ഇരയും വേട്ടക്കാരനുമാകുന്ന പശ്ചാത്തലം. ഒരുജനതയെ തന്നെ ഒന്നിപ്പിക്കാൻ കെല്‍പ്പുള്ള അല്ലെങ്കില്‍ അതിന് സാധിച്ചിട്ടുള്ള ഒന്നാണ് കാല്‍പ്പന്ത്, ഫുട്ബോള്‍. പക്ഷേ, മൈതാനങ്ങളും ഇത്തരം റിയാലിറ്റികളില്‍ നിന്ന് മുക്തമല്ല, ഫുട്ബോള്‍ ഉരുണ്ടുതുടങ്ങിയ കാലം മുതല്‍ അതും ഇങ്ങനെ പടര്‍ന്ന് പന്തലിച്ചിട്ടേയുള്ളു…

Advertisements

ഒമര്‍ അബ്ദുള്‍ ഖാദിര്‍ ആര്‍ട്ടാൻ, അമേരിക്കയും മെക്‌സിക്കോയും കാനഡയും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ മത്സരങ്ങള്‍ നിയന്ത്രിക്കാൻ ഫിഫ തിരഞ്ഞെടുത്ത റഫറി. 24 മണിക്കൂര്‍ മുൻപ് വരെ ഒമര്‍ ചരിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയായിരുന്നു. സാക്ഷാല്‍ ലയണല്‍ മെസിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമൊക്കെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന മൈതാനങ്ങളില്‍ അവരെ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ആദ്യ സൊമാലിയൻ സ്വദേശി. രണ്ട് കോടിക്കടുത്ത് ജനസംഖ്യയുള്ള ആഫ്രിക്കൻ രാജ്യമാണ് സൊമാലിയ, നേട്ടത്തിലേക്ക് എത്താൻ കഴിഞ്ഞത് അയാള്‍ക്ക് മാത്രമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പക്ഷേ, ഡൊണാള്‍ഡ് ട്രമ്പ് ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ ആര്‍ട്ടാന് അവസരം നിഷേധിച്ചിരിക്കുകയാണ്. കഴിഞ്ഞവാരമാണ് ലോകകപ്പില്‍ പങ്കെടുക്കാനായി ആര്‍ട്ടാൻ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നത്, എന്നാല്‍ പ്രവേശനം നിഷേധിക്കപ്പെട്ടു, ട്രാവല്‍ വിസ കൈവശമുള്ള സാഹചര്യത്തിലാണ് ഇത് സംഭവിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രമ്പ് ഭരണകൂടം യാത്രനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ ഒന്നാണ് സൊമാലിയ. ഇത് ഒരുവശത്ത് നില്‍ക്കുമ്പോഴും ആര്‍ട്ടാനെതിരായ നടപടിക്ക് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കാൻ അമേരിക്ക തയാറായിട്ടുമില്ല.

ആര്‍ട്ടാനെ മാച്ച്‌ ഓഫീഷ്യലായി നിയമിച്ച ഫിഫയാകട്ടെ അമേരിക്കൻ ഭരണകൂടത്തിന്റെ ചുമലില്‍ ഉത്തരവാദിത്തം കൈമാറി കൈ ഒഴിയുകയും ചെയ്തു. ആതിഥേയ രാജ്യത്തിന്റെ കുടിയേറ്റ നിലപാടുകളില്‍ ഇടപെടില്ലെന്നും തങ്ങളുടെ രാജ്യത്തേക്ക് ആര് പ്രവേശിക്കണമെന്നത് തീരുമാനിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യം അവര്‍ക്ക് തന്നെയായിരിക്കുമെന്നും ഫിഫ നിലപാടെടുത്തു. ചില കാര്യങ്ങള്‍ക്കൂടി ഇതിനോട് ചേര്‍ത്ത് പറയാനുണ്ട്, അതിന് മുൻപ് ആര്‍ട്ടനെക്കുറിച്ച്‌ അറിയേണ്ടതുണ്ട്.

സോമാലിയയുടെ തലസ്ഥാനമായ മോഗദിഷുവിലാണ് ജനനം. റഫറിയാകുക എന്നതായിരുന്നില്ല ആര്‍ട്ടാന്റെ ലക്ഷ്യം, ഒരു ഫുട്ബോള്‍ താരമാകുക എന്നതായിരുന്നു. പക്ഷേ, പരിക്ക് ആ സ്വപ്നത്തെ ഇല്ലാതാക്കിയപ്പോഴാണ് പുതുവഴി തിരഞ്ഞെടുത്തത്. അത് ഒട്ടും എളുപ്പമായിരുന്നില്ല. സൊമാലിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ആ പാത കുറച്ചധികം ദുര്‍ഘടമാക്കിയിട്ടുണ്ട്, സ്ഫോടനങ്ങള്‍ക്കിടയിലൂടെ പരിശീനത്തിന് പോകുന്ന നാളുകള്‍ വരെ അയാളുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്…ദുരിതക്കയങ്ങള്‍ താണ്ടി തന്നെയായിരുന്നു ലോകവേദിയിലേക്കുള്ള അവസരം ആര്‍ട്ടാൻ നേടിയെടുത്തത്.

മൈതാനത്തിറങ്ങുമ്പോള്‍ പെര്‍ഫെക്റ്റായിരിക്കണം, അല്ലെങ്കില്‍ അതുവരെ നേടിയതിനൊക്കെയും മൂല്യമില്ലാതാകും…ഇതായിരുന്നു ആര്‍ട്ടാന്റെ ശൈലി. 2018ലാണ് ഫിഫയുടെ ലിസ്റ്റില്‍ ആര്‍ട്ടാൻ ഇടം പിടിക്കുന്നത്. 2024ല്‍ ആഫ്രിക്കൻ നേഷൻസ് കപ്പ് നിയന്ത്രിക്കുന്ന ആദ്യ സൊമാലിയൻ റഫറിയായി മാറി. പോയ വര്‍ഷം ആഫ്രിക്കയിലെ തന്നെ ഏറ്റവും മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ടതും ആര്‍ട്ടാനായിരുന്നു. മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ടായിട്ടും ആര്‍ട്ടാന് ആ വലിയ അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

അമേരിക്കൻ ഐക്യനാടുകള്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ വിവേചനത്തിന്റെ സീല്‍ ചാര്‍ത്തപ്പെട്ട ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ആര്‍ട്ടാൻ. പല ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നുമുള്ള ആരാധകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമൊന്നും ഇപ്പോഴും വിസ അനുവദിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമായി മുന്നിലുണ്ട്. യൂറോപ്യൻ രാജ്യങ്ങളില്‍ നിന്നുള്ള ആരാധകര്‍ക്കൊന്നും ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വരുന്നില്ല എന്നത് മറ്റൊരു വസ്തുത. ഇവയൊക്കെ നിഷ്കളങ്കമായി പരിഗണിക്കാൻ കഴിയുന്ന ഒന്നാണെന്ന് തോന്നുന്നുണ്ടോ.

വിസ ലഭിക്കുന്നതിനായി ഒരാള്‍ നല്‍കേണ്ട തുക 185 യുഎസ് ഡോളറാണ്, ഇന്ത്യൻ രൂപയില്‍ ഏകദേശം 18,000 വരും ഇത്. പുറമെ, നേരിട്ടുള്ള ഇൻറര്‍വ്യൂവും ടൂര്‍ണമെന്റിന് ശേഷം മടങ്ങുമെന്ന ഉറപ്പും നല്‍കേണ്ടതുണ്ട്. കഴിഞ്ഞ മേയിലാണ് മറ്റൊരു വ്യവസ്ഥ കൂടി അമേരിക്ക മുന്നോട്ട് വെച്ചത്, ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളായ അള്‍ജീരിയ, കേപ് വെര്‍ദെ, ഐവറി കോസ്റ്റ്, സെനഗള്‍, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരുടെ കൈവശം ഡെപ്പോസിറ്റായി 15,000 യുഎസ് ഡോളറുണ്ടാകണമെന്ന്, 15 ലക്ഷത്തോളം രൂപ.

എന്തുകൊണ്ട് ചില രാജ്യങ്ങള്‍ക്ക് മുന്നില്‍ മത്രം ഇത്തരം കടമ്പകള്‍ വയ്ക്കുന്നുവെന്നത് മറ്റൊരു ചോദ്യവും ആശങ്കയുമാണ്. മത്സരങ്ങളുടെ ടിക്കറ്റ് കൈവശമുണ്ടെങ്കില്‍ മാത്രമാണ് അപേക്ഷപോലും നല്‍കാനാകുക. വിസ ലഭിച്ചില്ലെങ്കില്‍ ആ പണവും നഷ്ടമാകുന്ന സ്ഥിതിയുമുണ്ട്. അന്താരാഷ്ട്ര മാധ്യമമായ ബിബിസി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകകപ്പിന് യോഗ്യത നേടിയ 48ല്‍ 11 രാജ്യങ്ങള്‍ക്കും വിസ റിജക്ഷൻ റേറ്റ് 40 ശതമാനത്തിന് മുകളിലാണ്. 2024 ഒക്ടോബര്‍ മുതല്‍ 2025 സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ വെച്ച്‌ മാത്രമാണിത്. ഇതില്‍ പകുതിയിലധികവും ആഫ്രിക്കൻ രാജ്യങ്ങളുമാണ്.

വിസ ലഭിച്ചവരെ വിമാനത്താവളങ്ങളില്‍ വെച്ച്‌ തടയുകയും തിരിച്ചയക്കുകയും ചെയ്യുന്ന സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്. പല ടീമുകള്‍ക്കും മെക്സിക്കോയിലേക്ക് പരിശീലനം മാറ്റേണ്ടതായും വന്നു…അങ്ങനെ പ്രതിസന്ധികള്‍ ചില വിഭാഗങ്ങളെ മാത്രം വേട്ടയാടുകയാണ് ലോകകപ്പില്‍…

Hot Topics

Related Articles