വൈക്കം സത്യഗ്രഹശതാബ്ദി:ഉദ്ഘാടനം ഏപ്രിൽ ഒന്നിന് പിണറായി വിജയനും എം.കെ.സ്റ്റാലിനും ചേർന്ന് ;വൈവിധ്യമായ ആഘോഷപരിപാടികള്‍

വൈക്കം :സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കത്ത് ഏപ്രില്‍ ഒന്നിന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ചേര്‍ന്ന് നിര്‍വഹിക്കും

വൈക്കം സത്യഗ്രഹം നടന്ന 603 ദിവസത്തെ അനുസ്മരിച്ച്‌ സംസ്ഥാനത്തുടനീളം സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ 603 ദിവസം നീളുന്ന ശതാബ്ദി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ വൈക്കം സത്യഗ്രഹ സ്മാരകത്തില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനതല ഉദ്ഘാടനവും സമാപനവും വൈക്കത്ത് നടക്കും. ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനും സാംസ്‌കാരിക വകുപ്പ് മന്ത്രി വര്‍ക്കിംഗ് ചെയര്‍മാനുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

വെള്ളാപ്പള്ളി നടേശന്‍, എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, തോമസ് ചാഴികാടന്‍ എം.പി., സി.കെ. ആശ എം.എല്‍.എ., വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും ചീഫ് സെക്രട്ടറി ജനറല്‍ കണ്‍വീനറും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി കണ്‍വീനറുമാണ്.
എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിക്കും.

വൈക്കത്തെ സംസ്ഥാനതല ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷാധികാരിയായും സഹകരണ- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ചെയര്‍മാനുമായി സംഘാടക സമിതി രൂപികരിച്ചു. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ ജനറല്‍ കണ്‍വീനറും സാംസ്‌കാരിക വകുപ്പു സെക്രട്ടറി മിനി ആന്റണി കണ്‍വീനറുമാണ്.

നാടിന്റെ ചരിത്രത്തിലെ ഏറ്റവും ജ്വലിക്കുന്ന അധ്യായമാണു വൈക്കം സത്യഗ്രഹമെന്നു സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്ത സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ ശതാബ്ദി ആഘോഷ പദ്ധതി വിശദീകരിച്ചു. സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന സവര്‍ണ ജാഥയുടെ പുനരാവിഷ്‌കാരം, തമിഴ്നാട്ടിലെയും കേരളത്തിലെയും നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങളില്‍ നിന്ന് വൈക്കത്തേക്ക് ജാഥകള്‍ സംഘടിപ്പിക്കും. സമാപനത്തിന്റെ ഭാഗമായി അവസാന ദിവസം ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന മഹാസംഗമം നടക്കും.

കേരളത്തിലെ നവോത്ഥാന, സാമൂഹികപരിഷ്‌കരണ നായകര്‍ ഉയര്‍ത്തിയ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന മഹാകണ്‍വന്‍ഷനുകള്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സ്‌കൂള്‍- കോളജ് തലത്തില്‍ അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ എന്നിവയ്ക്കെതിരേ പഠന കളരികള്‍ സംഘടിപ്പിക്കും.കോളജ് യൂണിയനുകള്‍, സര്‍വകലാശാലകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള കലാപരിപാടികള്‍ സംഘടിപ്പിക്കും.

മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിശ്വാസവും ആചാരവും എന്ന വിഷയത്തില്‍ സെമിനാറുകള്‍, അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം എന്നിവയുമായി ബന്ധപ്പെട്ട സമരങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ സംവാദം, ഇ.വി. രാമസ്വാമി നായ്ക്കര്‍ അനുസ്മരണം, സംഗീത നാടക അക്കാദമിയുടെ 100 പരിപാടികള്‍, ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ 100 ചലച്ചിത്ര പ്രദര്‍ശനം, ലളിതകലാഅക്കാദമിയുടെ നേതൃത്വത്തില്‍ 1000 ചുമരുകളില്‍ ചുമര്‍ചിത്രം വരയ്ക്കല്‍, സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം, നവോത്ഥാന സമരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പുസ്തകോല്‍സവം, സ്‌കൂള്‍-കോളജ് തലങ്ങളില്‍ 100 വേദികളില്‍ സാഹിത്യക്ലാസുകള്‍, പ്രവാസി മലയാളികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ സെമിനാറുകള്‍, വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരങ്ങള്‍, സിനിമ മേഖലയിലെ കലാകാരന്മാരുടെ പരിപാടികള്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം, മുന്‍ എം.എല്‍.എ.മാരായ വൈക്കം വിശ്വന്‍, കെ. അജിത്ത്, സാംസ്‌കാരിക വകുപ്പു സെക്രട്ടറി മിനി ആന്റണി, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, വൈക്കം നഗരസഭാംഗം ബിന്ദു ഷാജി, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എസ്. സുബ്രഹ്‌മണ്യം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയി, ആര്‍.ഡി.ഒ. പി.ജി. രാജേന്ദ്രബാബു, തഹസില്‍ദാര്‍ ടി.വി. വിജയന്‍, എ.വി. റസല്‍, വി.ബി. ബിനു, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സമുദായ-സാംസ്‌കാരിക സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

Hot Topics

Related Articles