തൃശ്ശൂർ:14 വയസ്സുള്ള വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 66 കാരന് 20 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. തൃശ്ശൂർ വടക്കേകാട് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ബഷീർ അഹമ്മദിനെയാണ് (66) കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.2022 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലും തുടർന്ന് തൃശൂരിലെ പ്രതിയുടെ വീട്ടിലും വെച്ചാണ് വിദ്യാർഥിനിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് കോടതി കണ്ടെത്തി.
വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. അന്നത്തെ ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ആഗേഷും സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീരാഗും ഉൾപ്പെട്ട അന്വേഷണ സംഘമാണ് കേസിൽ നിർണായക തെളിവുകൾ ശേഖരിച്ചത്.വിചാരണ പൂർത്തിയാക്കിയ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.


