കോട്ടയം: കേരളത്തിലെ വനം വകുപ്പ് സാധാരണക്കാരെ ദ്രോഹിക്കാൻ മാത്രമോ…? കാടിറങ്ങുന്ന കടുവയെയും ആനയെയും സംരക്ഷിക്കാൻ ഇറങ്ങുന്ന വനം വകുപ്പ് പരിക്കേറ്റ മയിലിനെ തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതി. മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിടിച്ച് കാലൊടിഞ്ഞ മയിലിനെയാണ് രക്ഷിക്കാൻ വനം വകുപ്പ് തിരിഞ്ഞ് നോക്കിയില്ലെന്ന പരാതി ഉയർന്നത്.


ഇന്നു രാവിലെ ഏഴിന് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിൽ എത്തിയ മയിലിനെ ട്രെയിൻ ഇടിയ്ക്കുകയായിരുന്നു. ട്രെയിൻ ഇടിച്ച് മയിലിന്റെ കാൽ ഒടിയുകയും ചെയ്തു. ഇതു സംബന്ധിച്ചു മുളന്തുരുത്തി സ്റ്റേഷനിലെ എസ്.എം ശ്രീജ ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് റെയിൽവേ സംരക്ഷണ സേന സ്‌റ്റേഷൻ ഹൗസ് ഓഫിസർ എൻ.എസ്. സന്തോഷും, എ.എസ്.ഐ സന്തോഷ്‌കുമാറും മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ എത്തി. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ റെയിൽവേ സംരക്ഷണ സേനാംഗങ്ങൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മയിലിനെയും വനം വകുപ്പ്് ഉദ്യോഗസ്ഥരെയും കാത്ത് ആർ.പി.എഫ് ഉദ്യോഗസ്ഥർ സ്‌റ്റേഷനിൽ വന്നു. എന്നാൽ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണം ഉണ്ടാകാതെ വന്നതോടെ ആർപിഎഫ് ഉദ്യോഗസ്ഥർ തന്നെ മയിലിനെ മുളന്തുരുത്തിയിലെ വെറ്റിനറി ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ മയിലിന്റെ ചലന ശേഷി നഷ്ടമായതായി മൃഗാശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, ചലന ശേഷി നഷ്ടമായ മയിലിനെ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ആർ.പി.എഫ് ഉദ്യോഗസ്ഥർ.


