യാത്രാ ദുരിതത്തിൽ വലഞ്ഞ് കുമരകംബസ്സുകൾ സമയബന്ധിതമായി കടത്തിവിടണമെന്ന് സിപിഐ

കുമരകം : കോണത്താറ്റ് പാലം നിർമ്മാണത്തിന്റെ ഭാഗമായി യാത്രാ ദുരിതത്തിൽ വലയുകയാണ് കുമരകം ഗ്രാമം. ഭാരമേറിയ സ്കൂൽ ബാഗും തൂക്കി ഒരു ബസ്സിൽ നിന്നും മെറ്റൊരു ബസ്സിലേയ്ക്കുള്ള കുട്ടികളുടെ യാത്ര ദയനീയമാണ്. മഴ കൂടി പെയ്താൽ പിന്നെ യാത്ര ദുഷ്കരമാകും. ജനങ്ങളുടെ ദുരിതയാത്ര അവസാനിപ്പിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. കോണത്താറ്റ് പാലം നിർമ്മാണവും യാത്രാ ക്ലേശ്ശവും ഏറ്റുമാനൂർ മണ്ഡലം സമ്മേളനത്തിലെ പ്രധാന ഔദ്യോഗിക പ്രമേയമായി അംഗീകരിച്ച വിഷയമെന്ന നിലയിൽ യാത്രാ ദുരിതം പരിഹരിക്കാൻ രാവിലെയും വൈകീട്ടും താൽക്കാലിക ബണ്ടിലൂടെ ബസ്സുകൾ സമയബന്ധിതമായി കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് കളക്ടർ , പഞ്ചായത്ത് പ്രസിഡന്റ് , പൊലീസ് എന്നിവർക്ക് കത്ത് നൽകുമെന്ന് സിപിഐ കുമരകം ലോക്കൽ സെക്രട്ടറി എ.പി.സലിമോൻ പറഞ്ഞു. അട്ടിപ്പീടിക , കൊഞ്ചുമട പ്രദേശങ്ങളിലെ യാത്രാ ദുരിതവും ഇതിലൂടെ പരിഹരിക്കപ്പെടും.
യാത്രാ ദുരിതം സംബന്ധിച്ച് നാട്ടുവാർത്തയെന്ന ഗ്രാമീണ വാട്സ് ആപ്പ് ചാനലിൽ ജനങ്ങൾ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് കളക്ടർക്ക് കത്ത് നൽകുവാനുള്ള സിപിഐ തീരുമാനം പ്രഖ്യാപിച്ചത്. അനുവാദം ലഭിച്ചാൽ സമയബന്ധിതമായി സർവ്വീസ് നടത്താൻ തങ്ങൾ തയ്യാറെന്ന് ബസ്സ് ഉടമകളും പ്രതികരിച്ചു. സ്കൂൾ സമയം കണക്കാക്കി രാവിലെ 6.30 മുതൽ 9.30 വരെയും വൈകീട്ട് 3.30 മുതൽ 6.30 വരെയും ബസ്സുകൾ കടത്തി വിടണം. നിലവിൽ രണ്ട് ഹോംഗാർഡുകൾ പാലത്തിന്റെ ഇരുവശത്തും ജോലി ചെയ്യുന്നുണ്ട്. കിഴക്ക് നിന്നു വരുന്ന ചെറുവാഹനങ്ങൾ വൺവേ സംവിധാനത്തിൽ കടന്ന് പോകുകയും ബസ്സുകൾ വരുമ്പോൾ മാത്രം ഇരുവശത്തും നിയന്ത്രണം ഏർപ്പെടുത്തി ഗതാഗത തടസ്സമില്ലാതെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും. ടാങ്കർ ലോറികളും ഭാരവാഹങ്ങളും രാത്രികാലങ്ങളിൽ യഥേഷ്ടം സഞ്ചരിക്കുന്ന താൽക്കാലിക ബണ്ട് റോഡിന് ഭാരം താങ്ങാനുള്ള ശേഷി ഉണ്ടെന്ന് ബസ്സ് ഉടമകൾ പറയുന്നു.

Advertisements

Hot Topics

Related Articles