കരയുദ്ധം അതിരൂക്ഷം : ഗാസയിൽ ഇൻ്റർനെറ്റ് വിച്ഛേദിച്ചു : സ്ഥിതി അതീവ ഗുരുതരം

ജറുസലേം: ഗാസയിലെ യുദ്ധം രണ്ടു വർഷം പൂർത്തിയാകാൻ 20 ദിവസം മാത്രം ശേഷിക്കേ കരയാക്രമണമാരംഭിച്ച്‌ ഇസ്രയേല്‍. യുദ്ധം ആരംഭിച്ച്‌ ഇതിനകം 64964 പേർ കൊല്ലപ്പെട്ടുകഴിഞ്ഞു.165312 പേർക്ക് പരിക്കേറ്റു. നിരവധി പേർക്ക് കിടപ്പാടം നഷ്ടപ്പെട്ടതായി അല്‍ജസീറ റിപ്പോർട്ട് ചെയ്തു. കരയാക്രമണം ആരംഭിച്ച ചൊവ്വാഴ്ച മാത്രം 68 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ മുതല്‍ ഇതുവരെ മാത്രം 50 പേർ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് നിന്ന് കൂട്ടപ്പലായനം നടക്കുന്നതായാണ് വിവരം. എല്ലാം ഉപേക്ഷിച്ച്‌ സുരക്ഷിത സ്ഥാനം തേടി ജനം പലായനം ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Advertisements

ഇതിനിടെ ഇസ്രയേല്‍ ബോംബാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഗാസയിലെ വിവിധ കെട്ടിടങ്ങള്‍ ഇസ്രയേല്‍ സേന ബോംബിട്ട് തകർത്തു. നിരവധി പേർ തകർന്നുവീണ അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടതായാണ് വിവരം. പരിമിധികള്‍ക്കിടയിലും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. കിടപ്പാടങ്ങള്‍ ലക്ഷ്യം വെച്ചാണ് ഇസ്രയേല്‍ സേന ഇപ്പോള്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ 40 മണിക്കൂറോളം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ട കുട്ടിയെ സിവില്‍ ഡിഫൻസ് ഏജൻസി രക്ഷപ്പെടുത്തിയതായി അല്‍ജസീറ റിപ്പോർട്ട് ചെയ്തു. മീര മസൂദ് എന്ന കുട്ടിയെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 40 മണിക്കൂറിന് ശേഷം ഗാസ സിവില്‍ ഡിഫൻസ് ഏജൻസി രക്ഷപ്പെടുത്തിയത്.

ഗാസയില്‍ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടതായി നെറ്റ് ബ്ലോക്ക്സ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേല്‍ സേന മുന്നേറുന്നിടങ്ങളില്‍ വൻതോതില്‍ പ്രതിസന്ധിയും നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ വിവിധയിടങ്ങളിലെ ടെലിഫോണ്‍ ലൈനുകളും ഇന്റർനെറ്റ് കണക്ഷനുകളും തകരാറിലായെന്ന് പലസ്തീൻ ടെലി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

ആയിരക്കണക്കിന് ഇസ്രയേല്‍ സൈനികർ ഗാസയിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ജനം പലായനം തുടരുന്നതിനിടെ യുദ്ധ ടാങ്കറുകളുമായി ഇസ്രയേല്‍ സേന ഗാസയിലേക്ക് പ്രവേശിച്ചു. രണ്ടാം ദിനവും ഗാസയില്‍ സൈന്യം കരയാക്രമണം ശക്തമാക്കി. കരസേന ഗാസയില്‍ പ്രവേശിക്കുന്നതിന് മുമ്ബേ പീരങ്കിയാക്രമണവും വ്യോമസേനയുടെ ആക്രമണവും ഗാസയില്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.

ആക്രമണം നടക്കുന്ന പ്രദേശത്ത് 2000-3000 ഹമാസുകാരുണ്ടെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഗാസാ സിറ്റിയിലെ താമസക്കാരില്‍ 40 ശതമാനത്തോളം ഒഴിഞ്ഞുപോയെന്നും അവർ അറിയിച്ചു. ‘ഗാസ കത്തുകയാണെ’ന്നും ‘ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച്‌ സൈന്യം തകർക്കുകയാണെ’ന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് ചൊവ്വാഴ്ച രാവിലെ പറഞ്ഞിരുന്നു.

ഗാസയെ പൂർണമായും പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ആദ്യപടിയായാണ് 10 ലക്ഷത്തോളം പേർ താമസിച്ചിരുന്ന ഗാസാ സിറ്റിയെ ഇസ്രയേല്‍ ലക്ഷ്യമിടുന്നത്. ആക്രമണത്തെ യുഎന്നും യൂറോപ്യൻ യൂണിയനുമുള്‍പ്പെടെ അപലപിച്ചു.

പലസ്തീൻകാരെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇസ്രയേല്‍ ഗാസയില്‍ വംശഹത്യ നടത്തുകയാണെന്ന് യുഎൻ അന്വേഷകർ കുറ്റപ്പെടുത്തി. ഇസ്രയേല്‍ പ്രധാനമന്ത്രിയും മറ്റ് ഉന്നതോദ്യോഗസ്ഥരുമാണ് ഇതിന് പ്രേരിപ്പിക്കുന്നതെന്ന് യുഎൻ ഇൻഡിപെൻഡന്റ് ഇന്റർനാഷണല്‍ കമ്മിഷൻ ഓഫ് ഇൻക്വയറി (സിഒഐ) ആരോപിച്ചു. വംശഹത്യയ്ക്ക് ഉത്തരവാദി ഇസ്രയേലാണെന്ന് സിഒഐ മേധാവി നവി പിള്ളൈ പറഞ്ഞു. വംശഹത്യയെക്കുറിച്ചുള്ള 1948-ലെ ഉടമ്ബടിയില്‍ പറയുന്ന അഞ്ചു കാര്യങ്ങള്‍ 2023 ഒക്ടോബർ മുതല്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നുണ്ടെന്ന് സിഒഐ ചൂണ്ടിക്കാട്ടി. ഒരു ജനസമൂഹത്തിലെ അംഗങ്ങളെ കൊല്ലുക, അവർക്ക് ഗുരുതരമായ ശാരീരിക, മാനസിക പീഡയേല്‍പ്പിക്കുക, ആ സമൂഹത്തെ പൂർണമായോ ഭാഗികമായോ നശിപ്പിക്കുന്നതിനായി കരുതിക്കൂട്ടിയുള്ള ജീവിതപ്രശ്നങ്ങളുണ്ടാക്കുക, അവർക്കിടയില്‍ കുഞ്ഞുങ്ങള്‍ പിറക്കുന്നത് തടയാനുള്ള നടപടികള്‍ അടിച്ചേല്‍പ്പിക്കുക എന്നിവയാണവ.

ഗാസയിലെ സാധാരണക്കാരുടെയും ഇസ്രയേല്‍ സൈനികാധികാരികളുടെയും മൊഴികളും സൈന്യത്തിന്റെ പ്രവൃത്തികളുമാണ് ഈ വിലയിരുത്തലിന് അടിസ്ഥാനം. എന്നാല്‍, റിപ്പോർട്ട് വളച്ചൊടിച്ചതും വ്യാജവുമാണെന്നും അന്വേഷണ കമ്മിഷനെ ഉടൻ പിരിച്ചുവിടണമെന്നും ഇസ്രയേല്‍ പറഞ്ഞു.

ഗാസയിലേത് വംശഹത്യയാണെന്ന് സിഒഐ വിശേഷിപ്പിച്ചെങ്കിലും യുഎൻ നേരിട്ട് ഇങ്ങനെ പറഞ്ഞിട്ടില്ല. കമ്മിഷന്റെ കണ്ടെത്തലുകള്‍ പരിശോധിച്ച്‌ യുഎന്നും ഇതുചെയ്യണമെന്ന് നവി പിള്ളൈ പറഞ്ഞു. ഗാസയില്‍ വംശഹത്യ നടക്കുന്നുണ്ടോയെന്ന് കോടതികളാണ് തീരുമാനിക്കേണ്ടതെന്ന് യുഎൻ മനുഷ്യാവകാശവിഭാഗം മേധാവി വോള്‍ക്കർ ടർക്ക് പറഞ്ഞു. അന്താരാഷ്ട്ര ക്രിമിനല്‍ക്കോടതിയുമായി കമ്മിഷൻ സഹകരിക്കുന്നുണ്ടെന്നും വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും നവി പിള്ളൈ പറഞ്ഞു.

Hot Topics

Related Articles