കോട്ടയം : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ജില്ലയിൽ കർശന പരിശോധനയുമായി ജില്ലാ പൊലീസ്. അഞ്ചു ദിവസം കൊണ്ട് 40 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 45 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചങ്ങനാശേരിയിൽ 2.11 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് സംഘം പിടികൂടി. ചങ്ങനാശേരി തൃക്കൊടിത്താനം പൊട്ടശേരി പുതുപ്പറമ്പ് വീട്ടിൽ മാഹിൻ സൽമാൻ മുഹമ്മദി (31)നെയാണ് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘം പിടികൂടിയത്.
കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ജൂൺ 1 മുതൽ 5 വരെ നടത്തിയ ലഹരിവിരുദ്ധ പരിശോധനകളുടെ ഭാഗമായാണ് നടപടിയെടുത്തത്. ജില്ലയിൽ അഞ്ചു ദിവസം നടത്തിയ പരിശോധനകളിൽ നിന്ന് 207.39 ഗ്രാം കഞ്ചാവ്, 7 കഞ്ചാവ് ബീഡികൾ എന്നിവയും 33 മറ്റ് ലഹരി/നിരോധിത വസ്തുക്കളും പിടിച്ചെടുത്തു. പുകയില നിയന്ത്രണ നിയമമായ സിഒടിപിഎ (COTPA) പ്രകാരവും വ്യാപക പരിശോധനകൾ നടന്നു. അഞ്ച് ദിവസത്തിനിടെ 74 കേസുകൾ രജിസ്റ്റർ ചെയ്യുകയും 74 പേരെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ചങ്ങനാശേരിയിൽ മാരുതി സ്വിഫ്റ്റ് കാർ പാറേൽ പള്ളിക്ക് സമീപമുള്ള ജിയോ പെട്രോൾ പമ്പ് ഭാഗത്ത് വെച്ച് പോലീസ് തടഞ്ഞുനിർത്തി പരിശോധന നടത്തിയപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്. പ്രതിയുടെ കാറിൽ നിന്ന് ഗ്ലാസ് സ്മോക്കിംഗ് പൈപ്പ്, റോളിംഗ് പേപ്പർ, മൊബൈൽ ഫോൺ, പണം, തിരിച്ചറിയൽ രേഖകൾ എന്നിവയും പോലീസ് കണ്ടെടുത്തു. പ്രതി സഞ്ചരിച്ച കാർ ഉൾപ്പെടെ ഇവ പോലീസ് കസ്റ്റഡിയിലെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശ്ശേരി സബ് ഇൻസ്പെക്ടർ സജിത്ത് മോന്റെ നേതൃത്വത്തിൽ ജൂനിയർ എസ്.ഐ ഫാത്തിമ എ, സി.പി.ഒമാരായ നിയാസ് എം.എ, ശരത് കമലാസനൻ, എസ്.സി.പി.ഒ തോമസ് സ്റ്റാൻലി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ബി പരിശോധനയ്ക്ക് നേതൃത്വം നൽകി. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
ലഹരി ഉപയോഗവും പുകയില ഉൽപ്പന്നങ്ങളുടെ അനധികൃത വിൽപ്പനയും തടയുന്നതിനായി തൂഫാൻ – ദി നർകോട്ടിക് ഹണ്ട് എന്ന പേരിൽ ഊർജ്ജിതമായ പരിശോധനകളും അറസ്റ്റുകളും തുടർന്നുവരുന്നു.
ലഹരിവസ്തുക്കളുടെ വിപണനം കൈമാറ്റമോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം താഴെ തന്നിരിക്കുന്ന നമ്പരിൽ വിവരമറിയിക്കുക.
9497979794
9497927797
9995966666


