തിരുവനന്തപുരം :ശബരിമല വികസനം ലക്ഷ്യമിട്ട് ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിലപാട് മാറ്റിയതായി വ്യക്തമായി. പരിപാടിയിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ അദ്ദേഹം, പിണറായി സർക്കാരിന്റെ നടപടിയെ പ്രശംസിക്കുകയും ഉണ്ടായി, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് സർക്കാരിനെ അനുകൂലിച്ചും പ്രതിപക്ഷത്തെ വിമർശിച്ചും നായർ രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുകയെന്നതാണ് എൻഎസ്എസിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വന്നപ്പോൾ ആദ്യം പ്രതിഷേധവുമായി രംഗത്തുവന്നത് എൻഎസ്എസ് ആയിരുന്നുവെന്നും പിന്നീട് കോൺഗ്രസും ബിജെപിയും പിന്തുടർന്നുവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.”വിശ്വാസങ്ങളുടെ വിരുദ്ധമായ വിധിയായിരുന്നു സുപ്രീം കോടതിയുടേത്. എന്നാൽ, എൽഡിഎഫ് സർക്കാർ യുവതി പ്രവേശനത്തിൽ നിർബന്ധം പിടിച്ചില്ല. സർക്കാരിന് ആചാരം സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രി വി. എൻ. വാസവനാണ് എൻഎസ്എസിന് ഉറപ്പ് നൽകിയിരുന്നത്. അതുകൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചത്,” സുകുമാരൻ നായർ പറഞ്ഞു.അയ്യപ്പ സംഗമം സർക്കാരിന്റെ പശ്ചാത്തപമല്ല, തെറ്റുതിരുത്തലാണ് നടന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോൺഗ്രസും ബിജെപിയും സംഗമം ബഹിഷ്കരിച്ചതെന്നും, കോൺഗ്രസിന് ഇനി ഹിന്ദു വോട്ടുകൾ വേണ്ടെന്ന് തോന്നുന്നുവെന്നും, ന്യൂനപക്ഷ വോട്ടുകളിലേക്കാണ് അവർ കണ്ണോടിക്കുന്നതെന്നും നായർ ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സംഗമത്തിൽ നേരിട്ട് പങ്കെടുക്കാനായില്ലെങ്കിലും എൻഎസ്എസിന്റെ പ്രതിനിധിയെ അയച്ചതായി സുകുമാരൻ നായർ പറഞ്ഞു. എസ്എൻഡിപി യോഗവും എൻഎസ്എസും ഒരേ വേദിയിൽ എത്തിയതിനെ സർക്കാർ വലിയ നേട്ടമായി വിലയിരുത്തുന്നു. ചടങ്ങിൽ വെള്ളാപ്പള്ളി നടേശനും എൻഎസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാറും പങ്കെടുത്തു.ഇതിനിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കോൺഗ്രസിനെതിരായ വിമർശനവുമായി രംഗത്തെത്തി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസം വീണ്ടും ആവർത്തിച്ച അദ്ദേഹം, “ത്രികോണ മത്സരത്തിന്റെ ഗുണം എൽഡിഎഫിന് ലഭിക്കും. ഭൂരിപക്ഷ വോട്ടുകൾ പിടിച്ചു നിര്ത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. വിഡി സതീശന്റെ ഗ്രാഫ് കുത്തനെ താഴ്ന്നിരിക്കുകയാണ്” എന്നും ആരോപിച്ചു.


